കോഴിക്കോട്: രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള കോഴിക്കോട് ബൈപാസ് ആറുവരിപ്പാതയാക്കാൻ കരാർ ഉറപ്പിച്ച് ഒരു വർഷം പൂർത്തിയായിട്ടും കരാര്‍ പൂര്‍ത്തിയാകാതെ അനിശ്ചിതത്വം തുടരുന്നു. 2018 ഏപ്രിൽ 18 നാണ് ബൈപ്പാസ് ആറുവരിപ്പാതയാക്കാനുള്ള കരാർ ഹൈദരാബാദ് ആസ്ഥാനമായുള്ള കെ എം സി ഏറ്റെടുത്തത്. സെപ്റ്റംബറോടെ നിർമ്മാണം തുടങ്ങുമെന്നാണ് അന്ന് പറഞ്ഞിരുന്നത് . എന്നാൽ കരാറുകാർ ബാങ്ക് ഗ്യാരണ്ടി അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയത് കാരണം നീണ്ടുപോവുകയായിരുന്നു.
പാത നിർമ്മിക്കുന്ന സ്ഥലങ്ങളിൽ മണ്ണു പരിശോധന നടത്തിയതു മാത്രമാണ് കരാർ എടുത്തതിനു ശേഷം ഉണ്ടായ ഏക പുരോഗതി. വർഷങ്ങൾക്കു മുമ്പേ സ്ഥലമെടുപ്പ് പൂർത്തിയാക്കിയതാണെങ്കിലും ബൈപാസിന് ടെൻഡർ തുറക്കുന്നത് ഉൾപ്പെടെയുള്ള നടപടികളെല്ലാം ഏറെ വൈകി. പദ്ധതി ചെലവ് കൂടിയതിനാൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്‍റെ അനുമതി ലഭിക്കാതെ ഏഴുതവണയാണ് ടെൻഡർ മാറ്റിവെച്ചത്. പിന്നീട് എംപി എംകെ രാഘവന്‍റെ ഇടപെടലിനെ തുടർന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി മുൻകൈയെടുത്ത് പദ്ധതിക്ക് അനുമതി നൽകുകയായിരുന്നു. ഈ മാസം സാമ്പത്തിക പാക്കേജിന് അംഗീകാരം കിട്ടിയാലും കാലവർഷം തുടങ്ങിയതിനാൽ പണി തുടങ്ങാൻ കഴിയില്ല. ഓഗസ്റ്റിനു ശേഷമേ പ്രവർത്തനം തുടങ്ങാൻ സാധ്യതയുള്ളൂവെന്നാണ് ദേശീയപാത അതോറിറ്റിയുടെ വിലയിരുത്തൽ. തൊണ്ടയാട്, രാമനാട്ടുകര ജംഗ്ഷനിൽ മൂന്നു വരി പാലങ്ങൾ ഉൾപ്പെടെ ഏഴു മേൽപ്പാലങ്ങളും നാല് അടിപ്പാതകളും പണിയാനുണ്ട്. എന്നാല്‍ ഓരോ നടപടികളിലും കാലതാമസം നേരിട്ടതിനാൽ പണികൾ സമയത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിയുമോയെന്നും ഉറപ്പില്ല.