കോഴിക്കോട്: ഭക്ഷ്യവസ്‌തുക്കൾ സൂക്ഷിക്കുന്ന ചില്ല് കൂട്ടിൽ ജീവനുള്ള എലിയെ കണ്ടതിനെ തുടർന്ന് ബേക്കറി സ്ഥാപനം അടച്ചു പൂട്ടിച്ച് ഭക്ഷ്യ സുരക്ഷ വകുപ്പ്. കോഴിക്കോട് നഗരത്തിലെ ഈസ്റ്റ് ഹില്ലിലെ ഹോട്ട് ബൺസ് എന്ന സ്ഥാപനമാണ് അടച്ചു പൂട്ടിയത്. ബേക്കറിയിൽ ഭക്ഷണം കഴിക്കാനെത്തിയ വിദ്യാർഥികളാണ് ചില്ല് കൂട്ടിൽ ജീവനുള്ള വലിയ എലിയെ കണ്ടത്. തുടർന്ന് ഇവർ വീഡിയോ എടുത്ത് ഭക്ഷ്യ സുരക്ഷ വകുപ്പിന് കൈമാറുകയായിരുന്നു.
സ്ഥലത്തെത്തിയ ഭക്ഷ്യ സുരക്ഷ സ്ക്വാഡിന്‍റെ മിന്നൽ പരിശോധനയുടെ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിൽ സ്ഥാപനത്തിന്‍റെ ലൈസൻസ് റദ്ദാക്കുകയുമായിരുന്നു. സ്ഥാപനത്തിന്‍റെ അടുക്കളയിലും മറ്റും എലിയുടെ വിസർജ്യം കണ്ടെത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഈ സ്ഥാപനം തുറന്ന് പ്രവർത്തിക്കുന്നത് മനുഷ്യാരോഗ്യത്തിന് ഹാനികരമാണെന്ന് ഭക്ഷ്യ സുരക്ഷ വിഭാഗം വ്യക്തമാക്കി.
യഥാ സമയത്ത് വീഡിയോ ഭക്ഷ്യ സുരക്ഷ ഓഫീസർക്ക് കൈമാറിയ വിദ്യാർഥികളെ ഉദ്യോഗസ്ഥർ അഭിനന്ദിച്ചു. തുടർച്ചയായി ഭക്ഷ്യ വിഷബാധ റിപ്പോർട്ട് ചെയ്യുകയും മരണം സംഭവിക്കുകയും ചെയ്‌ത ജില്ലയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന ഭക്ഷണ നിർമാണ കേന്ദ്രങ്ങളും ഹോട്ടലുകളും നിരവധിയാണെന്ന ആക്ഷേപവുമുണ്ട്.
ALSO READ: Mullaperiyar Dam: മുല്ലപ്പെരിയാര്‍ ഡാമിന്‍റെ രണ്ട് ഷട്ടറുകള്‍ തുറന്നു; ജാഗ്രത പാലിക്കണം