കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതകത്തിലെ മുഖ്യപ്രതി ജോളിയുടെ മൊബൈല്‍ ഫോണുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചു. ജോളിയുടെ മകന്‍ റോമോയാണ് ഫോണുകള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയത്. അന്വേഷണത്തില്‍ നിർണായകമായ മൂന്ന് മൊബൈല്‍ ഫോണുകളാണ് സംഘത്തിന് ലഭിച്ചിരിക്കുന്നത്. മൂന്ന് ഫോണുകൾ ജോളി ഉപയോഗിച്ചിരുന്നതായാണ് ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു പൊലീസിന് നൽകിയിരുന്ന മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ കൊലപാതകവുമായി ബന്ധപ്പെട്ട നിർണായകവിവരങ്ങൾ ഈ ഫോണുകളിൽ നിന്നും കിട്ടുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
ജോളിയുടെ ആദ്യ ഭർത്താവ് റോയിയുടെ സഹോദരി റെഞ്ചിയുടെ കോട്ടയം വൈക്കത്തെ വീട്ടിലെത്തിയാണ് അന്വേഷണസംഘം റോമോയിൽ നിന്നും ഫോണുകൾ ശേഖരിച്ചത്. കേസിൽ നിർണായക വെളിപ്പെടുത്തലുകൾ നടത്തിയ റോയിയുടെ സഹോദരി റെഞ്ചിയുടെയും റോമോയുടെയും മൊഴി അന്വേഷണസംഘം വൈക്കത്ത് വച്ചും രേഖപ്പെടുത്തി.