കോഴിക്കോട്: കൊടുവള്ളിയില്‍ അതിഥി തൊഴിലാളിയ്ക്ക് നേരെ വീണ്ടും അതിക്രമം. കവര്‍ച്ച സംഘം അതിഥി തൊഴിലാളിയെ ബൈക്കില്‍ വലിച്ചിഴച്ചു. ജാര്‍ഘണ്ഡ് സ്വദേശി നജ്‌മുല്‍ ശൈഖിനെയാണ് രണ്ട് ബൈക്കുകളിലായെത്തിയ സംഘം റോഡിലൂടെ വലിച്ചിഴച്ചത്. കവര്‍ച്ച സംഘത്തെ പിടികൂടാനുള്ള ശ്രമത്തിനിടെയായിരുന്നു ക്രൂരത.
താമസ സ്ഥലത്തെത്തി കവര്‍ച്ച
വെള്ളിയാഴ്‌ച പുലര്‍ച്ചെയാണ് രണ്ട് സ്‌കൂട്ടറുകളിലായി അഞ്ചുപേര്‍ കൊടുവള്ളി മദ്രസ ബസാറിലെ അതിഥി തൊഴിലാളികളുടെ താമസസ്ഥലത്ത് കവര്‍ച്ചക്കെത്തിയത്. പുലര്‍ച്ചെ രണ്ടരയോടെ രണ്ടുപേര്‍ ജാര്‍ഘണ്ഡ് സ്വദേശി നജ്‌മുല്‍ ശൈഖ് താമസിക്കുന്ന മുറിയുടെ കൊളുത്ത് തകര്‍ത്ത് അകത്ത് കടന്നു.
ഈ സമയം ഒരു സ്‌കൂട്ടറില്‍ ഒരാളും മറ്റൊരു സ്‌കൂട്ടറില്‍ രണ്ട് പേരും റോഡില്‍ നില്‍ക്കുന്നുണ്ടായിരുന്നു. കവര്‍ച്ച നടത്തുന്നതിനിടെ നജ്‌മുല്‍ ശൈഖ് അറിയുകയും മോഷ്‌ടാക്കളെ പ്രതിരോധിക്കുകയും ചെയ്‌തു. ഏറെ നേരത്തെ മല്‍പ്പിടുത്തത്തിനൊടുവില്‍ കവര്‍ച്ച സംഘം ഇറങ്ങി ഓടി.
കവര്‍ച്ചക്കാര്‍ രക്ഷപ്പെടുമ്പോള്‍ നജ്‌മുല്‍ ശൈഖ് സ്‌കൂട്ടറില്‍ പിടിച്ചു വലിച്ചെങ്കിലും അതിവേഗത്തില്‍ സ്‌കൂട്ടര്‍ മുന്നോട്ടെടുത്തു. ഇതോടെ നജ്‌മുല്‍ ശൈഖ് ദേശീയപാതയിലേയ്ക്ക് തെറിച്ച് വീഴുകയായിരുന്നു. ഈ സമയം ദേശീയ പാതയിലൂടെ മറ്റു വാഹനങ്ങള്‍ വരാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
ആവര്‍ത്തിയ്ക്കുന്ന അതിക്രമങ്ങള്‍
കവര്‍ച്ച സംഘം എത്തുന്നതിന്‍റെയും നജ്‌മുല്‍ ശൈഖിനെ റോഡില്‍ വീഴ്ത്തി രക്ഷപ്പെടുന്നതിന്‍റെയും ദൃശ്യങ്ങള്‍ സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. ദേഹമാസകം സാരമായി പരിക്കേറ്റ നജ്‌മുല്‍ ശൈഖിനെ നാട്ടുകാര്‍ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കൊടുവള്ളി പോലീസ് അന്വേഷണം ആരംഭിച്ചു.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കിഴക്കോത്ത് എളേറ്റില്‍ വട്ടോളിയില്‍ മൊബൈല്‍ കവര്‍ച്ചക്കിടെ അതിഥി തൊഴിലാളിയെ ബൈക്കില്‍ വലിച്ചിഴച്ചിരുന്നു. സംഭവത്തില്‍ രണ്ടു പേരെ കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്‌തു. ഇതിന് പിന്നാലെയാണ് കൊടുവള്ളിയില്‍ വീണ്ടും കവര്‍ച്ചയും അക്രമവും നടന്നത്.
Also read: എന്തൊരു ക്രൂരതയാണിത്... അതിഥി തൊഴിലാളിയെ ബൈക്കില്‍ വലിച്ചിഴച്ച് മോഷണ സംഘം