കോഴിക്കോട്: ഭർത്താവിന്റെ മർദനത്തിനെതിരെ പൊലീസിൽ നിരന്തരം പരാതി നൽകിയിട്ടും നടപടി എടുക്കാതെ പൊലീസ്. പരാതി നൽകിയ ഭാര്യയെ പൊതുനിരത്തിലിട്ട് ഭർത്താവ് മർദിക്കുന്ന ദൃശ്യം പുറത്ത്. കക്കോടി സ്വദേശി ശ്യാമിലിയെയാണ് ഭർത്താവ് നിധീഷ് ക്രൂരമായി മർദിച്ചത്.
മൂന്ന് പെൺകുട്ടികളുടെ അമ്മയായ ശ്യാമിലി ഒക്ടോബർ 14 മുതൽ സ്വന്തം മാതാപിതാക്കളുടെ വീട്ടിലാണ് താമസം. ജീവിതം മുട്ടിയതോടെ അശോകപുരത്ത് മത്സ്യക്കച്ചവടം ആരംഭിച്ചു. അവിടെയെത്തിയാണ് നിധീഷിന്റെ ആക്രമണം. ശ്യാമിലി ഉപയോഗിച്ചിരുന്ന സ്കൂട്ടറും തല്ലിത്തകർത്തു.
വിവാഹം കഴിഞ്ഞ് ഒരു മാസം മുതൽ നിധീഷ് ശാരീരിക പീഡിപ്പിക്കുമായിരുന്നുവെന്നും കഴിഞ്ഞ 12 വർഷത്തിനിടെ 40ലേറെ പരാതി നടക്കാവ് പൊലീസിൽ നൽകിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും പരാതിക്കാരി പറഞ്ഞു. പൊലീസ് നിഷ്ക്രിയമായതോടെ നിധീഷ് നിരന്തരം അക്രമം തുടർന്നെന്നും ശ്യാമിലി പറഞ്ഞു. പൊലീസ് വന്നാൽ തന്നെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്ന് പറഞ്ഞാണ് നിധീഷിന്റെ മർദനം. നഗരത്തിൽ ഗുഡ്സ് ഓട്ടോ ഡ്രൈവറായിരുന്ന നിധീഷ് കഴിഞ്ഞ ഒരു മാസമായി മെഡിക്കൽ കോളജ് ആശുപത്രിയിൽ അറ്റന്ററാണ്.
ALSO READ: Kottayam Sisters Missing Case: സഹോദരികളെ കാണാതായ സംഭവം: അന്വേഷണം സി.സി.ടി.വി അടിസ്ഥാനമാക്കി