കോഴിക്കോട് : താമരശ്ശേരിയിലെ ഒരു യഥാസ്ഥിതിക മുസ്ലിം കുടുംബത്തിൽ ജനിച്ച ജസ്‌നയെ ചെറുപ്പത്തിൽ വീട്ടുകാർ കണ്ണാ എന്ന് വിളിച്ചിരുന്നു. അതൊരു തമാശയും കളിയാക്കലും മാത്രമായിരുന്നു. അതുവരെ കണ്ണന്‍റെ ചിത്രങ്ങളൊന്നും കണ്ടിട്ടില്ലാത്ത ജസ്‌നയ്ക്ക് വിവാഹം കഴിഞ്ഞ് കൊയിലാണ്ടിയിൽ എത്തിയപ്പോൾ ഭർത്താവ് സലീമാണ് ഉണ്ണിക്കണ്ണന്‍റെ ചിത്രം കാണിച്ചുകൊടുത്തത്.
കൃഷ്‌ണ ചിത്രം വരയ്ക്കുന്ന മുസ്ലിം യുവതി
പിന്നീട് എവിടെ കണ്ണന്‍റെ ചിത്രം കണ്ടാലും ശ്രദ്ധിക്കുമായിരുന്ന ജസ്‌നയുടെ ആദ്യത്തെ ചിത്രം പിറന്നത് വീട് നിർമാണ സമയത്ത് താൽക്കാലികമായി നിർമിച്ച ഷെഡ്ഡില്‍ നിന്നാണ്. പത്രത്തിൽ വന്ന ഒരു ചിത്രം നോക്കി വരയ്ക്കുകയായിരുന്നു. ചിത്രം ഭർത്താവിന് ഇഷ്ടപ്പെട്ടെങ്കിലും വീട്ടുകാർ അറിഞ്ഞാൽ പ്രശ്‌നമാകുമെന്നതിനാൽ നശിപ്പിച്ചുകളയാൻ ഉപദേശിച്ചു.
എന്നാൽ ആദ്യമായി വരച്ച ചിത്രം നശിപ്പിക്കാൻ തയ്യാറാകാതിരുന്ന ജസ്‌ന ചിത്രത്തെ താമരശ്ശേരിയിലെ ഒരു നമ്പൂതിരി കുടുംബത്തിന് സമ്മാനിച്ചു. ഇതൊരു സൗഭാഗ്യമായി അനുഭവപ്പെട്ട നമ്പൂതിരിയിലൂടെ മുസ്ലിം യുവതി കണ്ണനെ വരച്ച കഥ നാടുനീളെ പരന്നു. പലരും ചിത്രം വരച്ച് നൽകാൻ ആവശ്യപ്പെട്ടു. അങ്ങനെയാണ് ജസ്‌ന കണ്ണന്‍റെ വരയിൽ മുഴുകുന്നത്.
ആറ് വർഷമായി അഞ്ഞൂറിലേറെ ചിത്രങ്ങൾ വരച്ച ജസ്‌നയ്ക്ക് പത്തനംതിട്ട ജില്ലയിലെ കുളനട ഉളനാട് ശ്രീകൃഷ്ണ ക്ഷേത്രത്തിന് കണ്ണന്‍റെ ചിത്രം നേരിട്ട് സമർപ്പിക്കാനുള്ള അവസരം ലഭിച്ചു. ഇതോടെയാണ് ജസ്‌നയുടെ ചിത്രങ്ങൾ കൂടുതൽ പ്രശസ്‌തിയിലേക്കെത്തിയത്. ഗുരുവായൂർ ഉൾപ്പെടെയുള്ള ക്ഷേത്രങ്ങള്‍ക്കും ജസ്‌ന ചിത്രം സമർപ്പിച്ചിട്ടുണ്ട്.
എതിർപ്പുകൾക്കിയിലും വര തുടരുന്നു
ഭർത്താവിന്‍റെയും അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെയും സ്വന്തം മാതാപിതാക്കളുടേയും പിന്തുണയിലാണ് ജസ്‌ന കണ്ണന്‍റെ ചിത്രങ്ങൾ വരയ്ക്കുന്നത്. എന്നാൽ സ്വന്തം കുടുംബത്തിലെ മറ്റ് പലർക്കും ഇത് ഉൾക്കൊള്ളാനോ അംഗീകരിക്കാനോ കഴിഞ്ഞിട്ടില്ലെന്ന് ജസ്‌ന പറയുന്നു. അവർ തുടരുന്ന അസഭ്യവർഷങ്ങളും അകറ്റി നിർത്തലുമാണ് ജസ്‌നയുടെ പ്രധാന ദുഖം.
ALSO READ : മോൻസണ്‍ കേസുമായി ബന്ധപ്പെട്ട എല്ലാവരിലേക്കും അന്വേഷണമെത്തും : ഐജി സ്‌പര്‍ജന്‍ കുമാര്‍
എന്തിനാണ് കലാസൃഷ്ടിയിൽ മതത്തെ കൂട്ടിക്കുഴയ്ക്കുന്നത് എന്നാണ് ജസ്‌നയുടെ ചോദ്യം. . അതിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ടാണ് ജീവിക്കുന്നത്. എന്നാൽ ഇതിനെ ബിസിനസ്സായി കാണരുതെന്നും ജസ്‌ന ഓർമിപ്പിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കണ്ണന്‍റെ ചിത്രം സമ്മാനിക്കണമെന്നാണ് ഇപ്പോഴത്തെ ആഗ്രഹം. ആ ആഗ്രഹവും ഉണ്ണിക്കണ്ണൻ സഫലമാക്കി തരും എന്ന വിശ്വാസത്തിലാണ് ജസ്‌ന സലിം.