കോഴിക്കോട്: ഐഎൻഎൽ സംസ്ഥാന കമ്മറ്റി പിരിച്ചു വിട്ട തീരുമാനം ഭരണഘടന വിരുദ്ധമെന്ന് ഐഎൻഎൽ സംസ്ഥാന പ്രസിഡന്‍റ് എ പി അബ്ദുൽ വഹാബ്. ദേശീയ കമ്മറ്റിയുടെ തീരുമാനം അംഗീകരിക്കില്ലെന്നും അഡ്‌ഹോക്ക് കമ്മറ്റിയിൽ തന്നെ ഉൾപ്പെടുത്തിയത് പ്രഹസനമായാണ് കാണാൻ സാധിക്കുകയെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സംസ്ഥാന കമ്മിറ്റിയും കൗൺസിലും പിരിച്ചു വിട്ട് അഡ്ഹോക് കമ്മിറ്റിയിലൂടെ അബ്ദുൽ വഹാബ്-കാസിം ഇരിക്കൂർ പ്രശ്‌നം പരിഹരിക്കാൻ ശ്രമിച്ച ഐഎൻഎൽ ദേശീയ നേതൃത്വത്തിന്‍റെ നീക്കമാണ് പൊട്ടിത്തെറിയിൽ കലാശിച്ചത്.
മധ്യസ്ഥ ശ്രമങ്ങളെ തുടര്‍ന്ന് നേരത്തെ ഉണ്ടാക്കിയ വ്യവസ്ഥകള്‍ പോലും ലംഘിക്കപ്പെട്ടു. മെമ്പര്‍ഷിപ്പ് വിതരണം രഹസ്യമാക്കി നടത്തി പാര്‍ട്ടി പിടിച്ചെടുക്കാനുള്ള ശ്രമം നടക്കുന്നതായും അബ്ദുൽ വഹാബ് ആരോപിച്ചു. കാസിം ഇരിക്കൂർ പക്ഷക്കാരനായ അഹമ്മദ് ദേവർകോവിലിനെ അഡ്ഹോക്ക് കമ്മിറ്റി അധ്യക്ഷൻ ആക്കിയത് അബ്ദുൽ വഹാബ് പക്ഷത്തിന് തിരിച്ചടിയായി.
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ ദിവസം വന്നിറങ്ങിയ എ.പി അബ്ദുൽ വഹാബിനെ മുദ്രാവാക്യങ്ങളോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്. അതേ സമയം വിഷയത്തിൽ പിന്തുണ ആവശ്യപെട്ട് വഹാബ് പക്ഷം സിപിഎം നേതാക്കളെ സന്ദർശിക്കുമെന്നാണ് വിവരം.
ALSO READ: ഈ പ്രണയ ദിനത്തില്‍ ചരിത്രം കുറിക്കാൻ ഒരു ട്രാൻസ്ജെൻഡർ വിവാഹം