ഐഎന്‍എല്‍ പിളര്‍പ്പിലേക്ക്; സംസ്ഥാന കൗണ്‍സില്‍ വിളിച്ചു ചേര്‍ക്കാന്‍ അബ്‌ദുല്‍ വഹാബ് - wahab faction calls state council meet
സംസ്ഥാന കമ്മറ്റിയും കൗണ്‍സിലും പിരിച്ചുവിട്ട ദേശീയ നേതൃത്വത്തിന്‍റെ തീരുമാനം തള്ളിയാണ് വഹാബിന്‍റെ നീക്കം
കോഴിക്കോട്: ഇന്ത്യൻ നാഷണൽ ലീഗ് വീണ്ടും പിളർപ്പിലേക്ക്. കേരള ഐഎന്‍എല്‍ എന്ന പേരിൽ പ്രത്യേക ഘടകമായി മുന്നോട്ട് പോകാനാണ് അബ്‌ദുല്‍ വഹാബിൻ്റെ തീരുമാനം. പത്ത് ദിവസത്തിനകം സംസ്ഥാന കൗണ്‍സില്‍ വിളിച്ച് ചേർത്ത് കരുത്ത് തെളിയിക്കാനാണ് നീക്കം.
സംസ്ഥാന കമ്മറ്റിയിലെ 120 പേരിൽ 75 പേരുടെ പിന്തുണയുണ്ടെന്നാണ് വഹാബിൻ്റെ അവകാശവാദം. സംസ്ഥാന കമ്മറ്റിയും കൗണ്‍സിലും പിരിച്ചുവിട്ട ദേശീയ നേതൃത്വത്തിന്‍റെ തീരുമാനം തള്ളിയാണ് വഹാബിന്‍റെ നീക്കം. കാന്തപുരം എ.പി അബുബക്കര്‍ മുസ്‌ലിയാരെ നേരിട്ട് കണ്ട് വഹാബ് പക്ഷം കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. പാര്‍ട്ടിയിലെ ഭിന്നത പരിഹരിക്കാന്‍ മധ്യസ്ഥത വഹിച്ചയാളെന്ന നിലയിലാണ് കാന്തപുരത്തെ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയത്.
എല്‍ഡിഎഫില്‍ തന്നെ തുടരാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് വഹാബ് പക്ഷത്തിൻ്റെ നീക്കം. എന്നാൽ ഐഎൻഎൽ എന്ന പേരിൽ ഒരു പാർട്ടി മാത്രമെ മുന്നണിയിൽ ഉണ്ടാകൂ എന്ന ഉറച്ച നിലപാടിലാണ് എൽഡിഎഫ്. അതേസമയം, മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ചെയര്‍മാനായി രൂപീകരിച്ച അഡ്ഹോക്ക് കമ്മറ്റി ഉടന്‍ വിളിച്ചുചേര്‍ത്ത് അംഗത്വ വിതരണ നടപടികള്‍ തുടങ്ങാനാണ് കാസിം ഇരിക്കൂർ വിഭാഗത്തിന്‍റെ തീരുമാനം.
Also read: ഐഎൻഎൽ സംസ്ഥാന കമ്മറ്റി പിരിച്ചുവിട്ട തീരുമാനം ഭരണഘടന വിരുദ്ധമെന്ന് എ പി അബ്ദുൽ വഹാബ്
കൊച്ചി നഗരത്തിൽ തമ്മിൽ തല്ലിയതിന് പിന്നാലെ ഒന്നായ വഹാബ്-കാസിം ഇരിക്കൂർ പക്ഷങ്ങൾ ബോർഡ് കോർപ്പറേഷൻ സ്ഥാനത്തെ ചൊല്ലിയാണ് വീണ്ടും ഇടഞ്ഞത്. ഇടത് മുന്നണി നൽകിയ സീതാറാം സ്‌പിന്നിങ് മിൽ ചെയർമാൻ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം പിളർപ്പായി മാറുകയാണ്.
സിപിഎമ്മിനും താൽപര്യമുള്ള എൻ.കെ അബ്‌ദുല്‍ അസീസിനെയാണ് വഹാബ് പക്ഷം ചെയർമാൻ സ്ഥാനത്തേക്ക് ഉയർത്തി കാണിച്ചത്. എന്നാൽ ഇത് ഒരു തരത്തിലും അംഗീകരിക്കാൻ മറുപക്ഷം തയ്യാറായില്ല. ഐഎൻഎൽ രൂപീകരിച്ച് 25 വർഷം പിന്നിട്ടപ്പോഴാണ് പാർട്ടിക്ക് ഇടത് മുന്നണിയിൽ പ്രവേശനം ലഭിച്ചത്. രണ്ടര വർഷത്തേക്ക് ലഭിച്ച മന്ത്രി സ്ഥാനം ഒരു വർഷം പിന്നിടുമ്പോഴാണ് പിളർപ്പ് ആസന്നമായിരിക്കുന്നത്.