കോഴിക്കോട് : തലചായ്ക്കാൻ ഒരു വീടെന്ന സ്വപ്‌നവുമായി സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പ്ലാസ്റ്റിക് കവറുകളും ചാക്കുകളും മറച്ചുണ്ടാക്കിയ ഷെഡ്ഡില്‍ അന്തിയുറങ്ങുന്ന ഒരു കുടുംബമുണ്ട് കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ കളരിക്കണ്ടിയില്‍. കൊവിഡ് കാലത്ത് തൊഴിലില്ലാതായി വാടക വീട് ഒഴിയേണ്ടി വന്നപ്പോൾ തെരുവിലായ ചാമക്കാലയിൽ വിജയനും ഭാര്യ ശ്യാമളയുമാണ് ഈ ദുരിത ജീവിതം നയിക്കുന്നത്.
കൊവിഡ് 'ഇറക്കിവിട്ട' ജീവിതങ്ങൾ
റുഖിയയെന്ന സുമനസിന്‍റെ കാരുണ്യത്തിലാണ് വിജയനെന്ന തയ്യൽക്കാരനും ഭാര്യ ശ്യാമളയും കഴിയുന്നത്. ഇവരുടെ സ്ഥലത്താണ് ഷെഡ്ഡ്. പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ടുള്ള മറ, ടാർ പായ വലിച്ചുകെട്ടിയ മേൽക്കൂര, വേനലിലും മഴയിലും ഈ കുടുംബം ഭീതിയോടെയാണ് ദിവസങ്ങള്‍ തള്ളിനീക്കുന്നത്. കാരമൂലയിലെ വാടകവീടും അതിനോടുചേർന്ന് ഒരു തയ്യൽക്കടയും ആയിരുന്നു വർഷങ്ങളോളം ഇവരുടെ ലോകം.
വാടകവീട് ഒഴിയേണ്ടിവന്നപ്പോള്‍ ആദ്യം ബന്ധുവീട്ടിലേക്കാണ് മാറിയത്. അവിടെ ചില പ്രശ്‌നങ്ങള്‍ ഉടലെടുത്തപ്പോള്‍ അവിടുന്നും ഇറങ്ങേണ്ടി വന്നു. മറ്റെങ്ങും പോവാൻ ഇടമില്ലാതെ വഴിയാധാരമായ ഈ കുടുംബത്തിന്‍റെ സാഹചര്യം കണ്ട് തൊട്ടടുത്ത വീട്ടിലെ റുഖിയ ഇരുവര്‍ക്കും തന്‍റെ പറമ്പില്‍ ഷെഡ്ഡ് കെട്ടി താമസിക്കാൻ സൗകര്യം ഒരുക്കുകയായിരുന്നു.
ചെറിയ കുടുംബത്തിന്‍റെ വലിയ സ്വപ്‌നം
തൊഴിലുറപ്പ് തൊഴിലാളികൾ, ടാർപ്പായ, ഷീറ്റുകൾ എന്നിവ ഉപയോഗിച്ച് നിർമിച്ച് നൽകിയ ഷെഡ്ഡില്‍ താമസം ആരംഭിച്ചിട്ട് ഒരു വർഷം പിന്നിട്ടു. രോഗിയായ വിജയന് തന്‍റെ തയ്യൽ മെഷീൻ കൊണ്ട് മാസ്‌ക് തയ്ച്ച് കിട്ടുന്ന തുച്ഛമായ തുകയും തൊഴിലുറപ്പ് ജോലിക്ക് പോകുന്ന ശ്യാമളയ്‌ക്ക് ലഭിക്കുന്ന കൂലിയുമാണ് ഇവരുടെ ആകെയുള്ള വരുമാനം.
ഒരു തുണ്ട് ഭൂമിയും അതിലൊരു കൊച്ചുവീടും എന്നതാണ് ഇവരുടെ വലിയ സ്വപ്‌നം. ജീവിതത്തിൽ തളരാതെ പിടിച്ചുനിൽക്കാൻ കുട്ടികളോ മറ്റ് ബന്ധുക്കളോ ഈ ദമ്പതികൾക്കില്ല.
ലൈഫ് ഭവന പദ്ധതിയിൽ വീട് അനുവദിച്ചിട്ടുണ്ടെങ്കിലും സ്ഥലം വാങ്ങാൻ പണമില്ലെന്നാണ് ഇവരുടെ മുന്നിലെ പ്രധാന വെല്ലുവിളി. നാട്ടിലെ സുമനസുകളുടെ പിന്തുണയുണ്ടെങ്കിൽ ഈ ദമ്പതികൾക്ക് ഒരു വീട് യാഥാർഥ്യമാവും. കനിവുള്ളവരുടെ കരുണയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.
ALSO READ: ഇന്ത്യയുടെ കൊവിഷീൽഡ് വാക്‌സിന് ബ്രിട്ടന്‍റെ അനുമതി