കോഴിക്കോട്: കുഴൽപ്പണ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സിപിഎം പ്രതിരോധത്തിലായത് കൊണ്ടാണ് അന്വേഷണ സംഘം നോട്ടീസ് അയക്കാൻ തയ്യാറായത്. എന്നാൽ അന്വേഷണങ്ങളിൽ നിന്നും ബിജെപി ഒഴിഞ്ഞു മാറില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
ടി.പി ചന്ദ്രശേഖരൻ കേസിൽ സിപിഎം സ്വീകരിച്ച നിലപാട് ആയിരിക്കില്ല ഉത്തരവാദിത്തം ഉള്ള പാർട്ടിയെന്ന നിലയിൽ ബിജെപി സ്വീകരിക്കുകയെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. കൊടകര കുഴല്‍പ്പണ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം കഴിഞ്ഞ ദിവസം കെ സുരേന്ദ്രന് നോട്ടീസ് നല്‍കിയിരുന്നു.
സര്‍ക്കാരിന്‍റെ രാഷ്ട്രീയ പ്രതികാരം
അതേസമയം, കിറ്റെക്‌സിന്‍റെ കേരളത്തിലെ പിൻവാങ്ങലിന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. സർക്കാർ രാഷ്ട്രീയ പ്രതികാരം തീർക്കുകയാണ്. എല്ലാത്തിനും ഉത്തരവാദി സർക്കാരാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുറ്റപ്പെടുത്തി.
കേരളത്തിലേക്ക് നിക്ഷേപകരെ ആകർഷിക്കാൻ സഹാനുഭൂതിയുള്ള നിലപാടെടുക്കുന്നതിന് പകരം രാഷ്‌ട്രീയം കളിക്കുകയാണ്. സിപിഎമ്മിന് ഇഷ്ടമില്ലാത്തവരെ എറിഞ്ഞോടിക്കുന്നു. കിറ്റെക്‌സ് വ്യവസായം കേരളത്തിൽ നിന്ന് പോകാനുള്ള നിലപാടിന് മുഖ്യമന്ത്രി ജനങ്ങളോട് ഉത്തരം പറയണമെന്ന് സുരേന്ദ്രൻ പറഞ്ഞു.
കേരളത്തിന്‍റെ പ്രതിച്ഛായ തകർക്കുന്നത് സർക്കാരും പിണറായി വിജയനും തന്നെയാണെന്നും അതിന് ബിജെപിയെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.