കോഴിക്കോട് : മട്ടുപ്പാവിൽ എലിയെ വളർത്തിയും ഭക്ഷ്യയോഗ്യമായ പുഴുവിനെ വളർത്തിയും വ്യത്യസ്‌തനായ കുണ്ടായിത്തോട് സ്വദേശി ഫിറോസ് ഖാൻ മറ്റൊരു കൗതുകവുമായി വീണ്ടും. ഒരു സെ.മീ വീതിയും 1.3 സെ.മീ നീളവും ഒരു ഗ്രാമിൽ താഴെ മാത്രം ഭാരവുമുള്ള കുഞ്ഞൻ പുസ്‌തകം എഴുതി തയ്യാറാക്കിയിരിക്കുകയാണ് ഇദ്ദേഹം. ആഹാരക്രമത്തെ കുറിച്ചാണ് പുസ്‌തകം.
നിലവിൽ മലയാളത്തിലെ ഏറ്റവും ചെറിയ പുസ്‌തകങ്ങളിലൊന്നായി അറിയപ്പെടുന്നത് 1969-ൽ കെ.വി മണലിക്കര രചിച്ച 'രാസരസിക'യാണ്. ഒന്നേ ദശാംശം ഒരു സെൻ്റീമീറ്റർ വീതിയും ഒന്നേ ദശാംശം അഞ്ച് സെൻ്റീമീറ്റർ നീളവുമാണ് ആ പുസ്‌തകത്തിൻ്റെ വലിപ്പം. എന്നാൽ ഖാൻ്റെ പുസ്‌തകത്തിന് 1 സെൻ്റീമിറ്റർ നീളവും ഒന്നേ ദശാംശം മൂന്ന് സെൻ്റീമീറ്റർ വീതിയും മാത്രമേയുള്ളൂ.
രാസരസികക്ക് 28 പേജുകളുള്ളപ്പോൾ ഫിറോസ് ഖാന്‍റെ പുസ്‌തകത്തിന് 24 പേജുകളാണുള്ളത്. ഒരു ഗ്രാം സ്വർണം സൂക്ഷിക്കുന്ന പെട്ടിയിലാണ് പുസ്‌തകം സൂക്ഷിച്ചിരിക്കുന്നത്. കൂടാതെ കുഞ്ഞൻ പുസ്‌തകം വായിക്കുന്നതിനായി വായനക്കാർക്ക് ഒരു ലെൻസും ഫ്രീയായി ഫിറോസ് ഖാൻ നൽകുന്നുണ്ട്.
ആദ്യം പുച്ഛം, പിന്നെ പ്രോത്സാഹനം
സാങ്കേതിക വിദ്യ ഇത്ര വികസിച്ചിട്ടും രാസരസികയ്ക്ക് ശേഷം അതിലും ചെറിയ ഒരു പുസ്‌തകം എന്തുകൊണ്ട് പുറത്തിറങ്ങിയില്ല എന്ന ചോദ്യമാണ് ഖാനെ ഇതിന്‍റെ രൂപകല്‍പ്പനയിലേക്ക് നയിച്ചത്. മൂന്ന് വർഷം മുമ്പ് തുടങ്ങിയ ചിന്തയിൽ നിന്ന് ഈ കുഞ്ഞനെ അച്ചടിച്ച് ഒരു പുസ്‌തക രൂപത്തിലാക്കാൻ ഖാൻ തീരുമാനിക്കുകയായിരുന്നു.
ഇക്കാര്യത്തിനായി പലരേയും സമീപിച്ചു. എല്ലാവരും പരമ പുച്ഛത്തോടെ നിരുത്സാഹപ്പെടുത്തി. ഒടുവിൽ കംപ്യൂട്ടർ സഹായത്തോടെ അച്ചടി പൂർത്തിയാക്കി. കട്ടിങ് ബ്ലെയ്‌ഡ് ഉപയോഗിച്ച് മുറിച്ചെടുത്ത് ഒട്ടിച്ച് ബൈൻഡിങ്ങും പൂർത്തിയാക്കി. സംഗതി വിജയിച്ചപ്പോൾ പുച്ഛിച്ചവരൊക്കെ പുന്നാര വാക്കുകളുമായി എത്തിയെന്നും ഖാൻ പറയുന്നു.
പുസ്‌തകത്തിന്‍റെ 100 പതിപ്പുകളാണ് ആദ്യ ഘട്ടത്തിൽ തയ്യാറാക്കിയിട്ടുള്ളത്. ആദ്യ പതിപ്പുകൾ മക്കൾ പഠിക്കുന്ന സ്‌കൂളിനും, കൗതുകവസ്‌തുക്കൾ ശേഖരിക്കുന്നവർക്കും നൽകാനാണ് ഉദ്ദേശം. വില നിശ്ചയിച്ചിട്ടില്ല. അതിനുമപ്പുറം ഈ കുഞ്ഞന് ഒരു ആധികാരികത നേടിയെടുക്കാനുള്ള ശ്രമത്തിലാണ് ഫിറോസ് ഖാൻ.
READ MORE: ആയിരം എലികൾക്ക് ഒരു ഫിറോസ് ഖാൻ..
നാട്ടിൽ സ്വന്തമായി പെറ്റ്ഷോപ്പും, അക്വേറിയം ഡിസൈനിങ്ങും നടത്തി വരുന്ന ഖാൻ 'അന്നം നൽകും ഓമനകൾ', 'ഓർമിച്ചുവയ്‌ക്കാനൊരു മുയൽ ഡയറി' എന്നീ പുസ്‌തകങ്ങളും നേരത്തെ എഴുതിയിട്ടുണ്ട്.
തൻ്റെ പുതിയ പുസ്‌തകം മലയാളത്തിലെ ഏറ്റവും ചെറിയ പുസ്‌തകമായി അംഗീകരിക്കപ്പെടും എന്ന പ്രതീക്ഷയിലാണിപ്പോൾ ഫിറോസ്. ഫിറോസ് ഖാൻ്റെ വാക്കുകൾ തന്നെ കടമെടുത്താൽ 'ദൈവം നിശ്ചയം അതാണെങ്കിൽ അത് എന്നിൽ വന്നുചേരും'. അത് അങ്ങനെ തന്നെ ആവട്ടെ.