കോഴിക്കോട്: ആദ്യ കാഴ്‌ചയില്‍ കള്ളിമുള്‍ ചെടിയോട് സാമ്യം. വളഞ്ഞ് പുളഞ്ഞ് കിടക്കുന്ന വള്ളികളുടെ അറ്റത്ത് തൂങ്ങിക്കിടക്കുന്ന പിങ്ക് നിറത്തിലുള്ള ഡ്രാഗണ്‍ ഫ്രൂട്ട്. മുക്കം ചേന്ദമംഗല്ലൂർ സ്വദേശി മുഹമ്മദിന്‍റെ മട്ടുപ്പാവില്‍ നല്ല പിങ്ക് നിറത്തിൽ പഴുത്ത് പാകമായി നിൽക്കുകയാണ് ഡ്രാഗൺ ഫ്രൂട്ടുകൾ.
പ്രായത്തിന്‍റെ അവശതകളൊന്നും 73കാരനായ മുഹമ്മദിന്‍റെ മനസിനെ ബാധിച്ചിട്ടില്ല. പുതിയ വിളകളും കാർഷിക രീതികളും പരീക്ഷിക്കാറുള്ള മുഹമ്മദ് ഒരു വർഷം മുൻപാണ് ഡ്രാഗൺ ഫ്രൂട്ട് കൃഷി ചെയ്യുന്നതിനെ കുറിച്ച് ആലോചിച്ചത്. കൃഷി രീതിയും മറ്റും കൃത്യമായി പഠിച്ചു.
ഡ്രാഗൺ ഫ്രൂട്ടിന് നല്ല വെയിൽ വേണമെന്നതിനാൽ മട്ടുപ്പാവിലാക്കി കൃഷി. ടെറസിന് മുകളിൽ പ്രത്യേകം തയ്യാറാക്കിയ നൂറോളം വീപ്പകളില്‍ തണ്ടുകള്‍ മുറിച്ച് നട്ടു. ചാണകപ്പൊടിയും ചകിരിച്ചോറും ഉപയോഗിച്ച് പൂർണമായും ജൈവ രീതിയിലായിരുന്നു കൃഷി. പരീക്ഷണം വെറുതെയായില്ല, എട്ട് മാസങ്ങൾക്കിപ്പുറം നല്ല പിങ്ക് നിറത്തിൽ പഴുത്ത് പാകമായി നിൽക്കുകയാണ് ഡ്രാഗൺ ഫ്രൂട്ടുകൾ.
കോഴിക്കോട് ആടുകളെ വളർത്തുന്ന കർഷകർക്ക് ചേന്ദമംഗല്ലൂരിൽ നിന്നും പ്ലാവില വെട്ടി ശേഖരിച്ച് എത്തിച്ച് നൽകുന്ന ജോലിയായിരുന്നു മുഹമ്മദ്. ആട് കൃഷി കുറഞ്ഞതോടെയാണ് കൃഷിയിലേക്ക് ചുവടുവച്ചത്. വാഴയും പച്ചക്കറികളുമാണ് പ്രധാനമായും കൃഷി ചെയ്‌തിരുന്നത്.
പയർ, വെണ്ട, ചുരങ്ങ, മത്തൻ, വെള്ളരി തുടങ്ങിയവയായിരുന്നു പ്രധാന വിളകൾ. കഴിഞ്ഞ വർഷവും പച്ചക്കറി കൃഷി മുടങ്ങാതെ ചെയ്‌തു. പുതിയ എന്തെങ്കിലും വിളകൾ പരീക്ഷിക്കണമെന്ന ആഗ്രഹമാണ് ഡ്രാഗൺ ഫ്രൂട്ടിലെത്തിയത്.
വെള്ളമോ പരിചരണമോ അധികം വേണ്ടാത്ത വിളയാണ് ഡ്രാഗൺ ഫ്രൂട്ട്. നട്ടു കഴിഞ്ഞ് എട്ടു മുതൽ പന്ത്രണ്ട് മാസത്തിനുള്ളിൽ ഡ്രാഗൺ ഫ്രൂട്ട് കായ്ക്കും. വിറ്റാമിൻ എ, സി, കാത്സ്യം, ഇരുമ്പ് എന്നിവ അടങ്ങിയ ഡ്രാഗൺ ഫ്രൂട്ടിന് ആവശ്യക്കാരേറെയാണ്. വിപണിയിൽ കിലോഗ്രാമിന് 250-300 രൂപ വരെയാണ് വില.
മുക്കത്തെ സ്വകാര്യ നഴ്‌സറിയിൽ നിന്നാണ് ഡ്രാഗൺ ഫ്രൂട്ടിന്‍റെ വിത്ത് വാങ്ങിയത്. പരീക്ഷണം വിജയമായതോടെ വരും വർഷങ്ങളിൽ കൂടുതൽ വിപുലമായി ഡ്രാഗൺ ഫ്രൂട്ട് കൃഷി ചെയ്യാന്‍ ഒരുങ്ങുകയാണ് മുഹമ്മദ്.
Also read: വന്യമൃഗങ്ങളുടെ ശല്യമില്ല, ലാഭകരം, കര്‍ഷക സൗഹൃദം: ഫലകൃഷിയിലേക്ക് തിരിഞ്ഞ് കര്‍ഷകര്‍