തിരുവനന്തപുരം/ കോഴിക്കോട്: കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്‌ത ശേഷം ചൈനയില്‍ നിന്നെത്തിയ രണ്ട് പേർ വിദേശത്തേക്ക് കടന്നതായി റിപ്പോർട്ട്. കോഴിക്കോട് ജില്ലയില്‍ നിരീക്ഷണത്തിലുണ്ടായിരുന്നവരാണ് വിദേശത്തേക്ക് പോയത്. ആരോഗ്യവകുപ്പിനെ അറിയിക്കാതെയാണ് ഇരുവരും രാജ്യം വിട്ടത്. ഇവരെ തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുകയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
ഒരു കുടുംബത്തിലെ അംഗങ്ങളാണ് ഇരുവരും. ഇവര്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. എന്നാല്‍ രണ്ട് ദിവസം മുമ്പ് വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകര്‍ വീട്ടില്‍ എത്തി. അപ്പോഴാണ് സൗദിയിലേക്ക് പോയ വിവരം അറിഞ്ഞത്. ഏത് വിമാനത്താവളം വഴിയാണ് പോയതെന്നുള്‍പ്പെടെയുള്ള കാര്യം അന്വേഷിക്കുകയാണ്.
അതേസമയം മലയോര മേഖലയിലുള്ള ഒരാള്‍ ചികിത്സ തേടാതെ ധ്യാനത്തിന് പോയെന്നും റിപ്പോർട്ടുണ്ട്. ഇയാളെ പിന്നീട് ആരോഗ്യപ്രവര്‍ത്തകര്‍ കണ്ടെത്തി. സംസ്ഥാനത്ത് നിരീക്ഷണം ശക്തമായതിനാല്‍ ബെംഗളൂരു, മെംഗളൂരു അടക്കമുള്ള വിമാനത്താവളങ്ങളില്‍ എത്തിയ ശേഷം ട്രെയിനിലോ ബസിലോ കേരളത്തിലേക്ക് വരുന്നവരുമുണ്ട്. രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മേഖലകളിലുള്ളവര്‍ ആശുപത്രികളെ സമീപിപ്പിക്കണമെന്നും, നിരീക്ഷണത്തിലുള്ളവര്‍ വീടിന് പുറത്തുപോകരുതെന്നും ആരോഗ്യവകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന കുറ്റകൃത്യമായി കാണേണ്ടിവരുമെന്ന് കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി പറഞ്ഞിരുന്നു.