കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ സംഗീത പരിപാടിക്കിടെയുണ്ടായ സംഘർഷത്തിൽ അഞ്ച് പൊലീസുകാര്‍ ഉള്‍പ്പെടെ 60 പേർക്ക് പരിക്ക്. ബാരിക്കേഡ് മറിഞ്ഞ് വീണും തിക്കിലും തിരക്കിലും പെട്ടുമാണ് ആളുകൾക്ക് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്‌തു.
പൊലീസിനെ ആക്രമിച്ചതിന് മാത്തോട്ടം സ്വദേശി ഷുഹൈബ് ആണ് അറസ്റ്റിലായത്. പൊലീസിനെ ആക്രമിച്ചതിന് കണ്ടാൽ അറിയാവുന്ന 50 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. മതിയായ സൗകര്യം ഒരുക്കാതെ പരിപാടി സംഘടിപ്പിച്ചതിന് പരിപാടിയുടെ സംഘാടകരായ കോഴിക്കോട് ജെഡിടി കോളജ് പാലിയേറ്റീവ് കെയർ അധികൃതർക്കെതിരെയും പൊലീസ് കേസെടുത്തു.
സംഘര്‍ഷം ടിക്കറ്റ് വില്‍പന നിർത്തിവച്ചതോടെ: കിടപ്പ് രോഗികൾക്ക് വീൽ ചെയർ വാങ്ങി നൽകുന്നതിനായാണ് കോഴിക്കോട് ജെഡിടി കോളജ് പാലിയേറ്റീവ് കെയർ മൂന്ന് ദിവസത്തെ 555 ദ് റെയിൻ ഫെസ്റ്റ് എന്ന പേരിൽ കാർണിവൽ സംഘടിപ്പിച്ചത്. ഇതിന്‍റെ സമാപന ദിവസമായ ഞായറാഴ്‌ചയാണ് സംഗീത പരിപാടി നടത്തിയത്. ടിക്കറ്റ് വച്ചുള്ള പരിപാടിക്കായി വൈകിട്ടോടെ തന്നെ നൂറുകണക്കിനാളുകൾ ബീച്ചിലെത്തി.
തിരക്ക് കൂടിയതോടെ സംഘാടകർ ടിക്കറ്റ് വിൽപന നിർത്തിവച്ചു. ഇതിൽ പ്രകോപിതരായ ഒരു സംഘം ബഹളം വയ്ക്കുകയും സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. സംഘർഷം രൂക്ഷമായതോടെ പൊലീസ് എത്തി സംഗീത പരിപാടി നിർത്തിവച്ചു.
പൊലീസിന് നേരെയും ആക്രമണം: പിന്നീട് പല തവണ ലാത്തി വീശിയാണ് പ്രശ്‌നക്കാരെ അവിടെ നിന്ന് മാറ്റിയത്. ഇതിനിടെ പൊലീസിന് നേരെ കല്ലേറുണ്ടായി. കുപ്പിയിൽ മണൽ നിറച്ച് പൊലീസിന് നേരെ എറിഞ്ഞു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം കൂടുതൽ പേർ സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്.
അതേസമയം, അനുമതിയില്ലാതെയാണ് ബീച്ചില്‍ സംഗീത പരിപാടി നടത്തിയതെന്ന് പൊലീസ് അറിയിച്ചു. കാർണിവലിന്‍റെ ഭാഗമായി സ്റ്റാളുകൾ നടത്താനുള്ള അനുമതി മാത്രമാണ് നൽകിയിരുന്നത്. ചികിത്സയിൽ കഴിയുന്നവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടർ നടപടികള്‍ സ്വീകരിക്കും. സംഘർഷത്തിന്‍റെ ദൃശ്യങ്ങളും പൊലീസ് പരിശോധിച്ച് വരികയാണ്.
Also read: വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളുടെ സമരം സംഘർഷഭരിതം, ബാരിക്കേഡുകള്‍ തകര്‍ത്തു