കോഴിക്കോട്: രാഷ്‌ട്രീയക്കാരുടെ മുഖങ്ങള്‍ കാര്‍ട്ടൂണ്‍ രൂപത്തില്‍ ക്യാന്‍വാസിലാക്കി എ സതീഷ് എന്ന ചിത്രകാരന്‍. കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിലാണ് വ്യത്യസ്ഥമായ ഏകാംഗ കാർട്ടൂൺ പ്രദർശനം നടക്കുന്നത്.
ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് മത്സരിച്ച യുഡിഎഫ് ,എൽഡിഎഫ്, എൽഡിഎ മുന്നണികളിലെ സ്ഥാനാർഥികളുടെ കാരിക്കേച്ചറും കൂടാതെ പല ആനുകാലിക പ്രസക്തിയുള്ള കാരിക്കേച്ചറുകളുമാണ് പ്രദർശനത്തിൽ വച്ചിട്ടുള്ളത്. ഒപ്പം തെരഞ്ഞെടുപ്പ് കാലത്ത് ചര്‍ച്ചയായ നിരവധി വിഷയങ്ങളും കാര്‍ട്ടൂണുകളാക്കിയിട്ടുണ്ട്. ഓരോ കാരിക്കേച്ചറിനും അനുയോജ്യമായതും നർമ്മം കലർന്നതുമായ അടിക്കുറിപ്പുകളും എഴുതിചേര്‍ത്തിട്ടുണ്ട്. 180പരം കാർട്ടൂണുകളാണ് പ്രദർശനത്തിലുള്ളത്.
കേരള കാർട്ടൂൺ അക്കാദമി നിർവാഹക സമിതി അംഗം കൂടിയായ സതീഷ് കാർട്ടൂണിനുള്ള ഹിന്ദുസ്ഥാൻ ടൈംസ് ദേശീയ പുരസ്‌കാരവും, എസ്.ബി.ടി അഖിലേന്ത്യാ തലത്തിൽ നടത്തിയ ബാങ്ക് ഫെസ്റ്റിൽ ഒമ്പത് തവണ കലാപ്രതിഭയും ആയിട്ടുണ്ട്. എസ്.ബി.ഐ ചീഫ് മാനേജർ തസ്തികയിൽ നിന്ന് വിരമിച്ച സതീഷ് അഭിനയം, കഥരചനാ, ചിത്രരചന, നാടകം, എന്നീ മേഖലയിൽ മികവ് തെളിയിച്ചിട്ടുണ്ട്. എങ്കിലും കാർട്ടൂൺ വരയ്ക്കാൻ തന്നെയാണ് സതീഷിന് കൂടുതല്‍ താല്പര്യം.