കോഴിക്കോട്: ജൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കുന്ന സംസ്ഥാനത്തെ ആദ്യ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളെന്ന ഖ്യാതി ബാലുശ്ശേരി ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിന് സ്വന്തം. ആൺ, പെൺ ഭേദമില്ലാതെയുള്ള യൂണിഫോം ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ ആർ ബിന്ദു പ്രഖ്യാപിക്കും. ഔദ്യോഗിക പ്രഖ്യാപനത്തിനു മുൻപ് തന്നെ പാന്‍റ്സും ഷർട്ടുമണിഞ്ഞ് ഒട്ടേറെ വിദ്യാർഥികൾ ചൊവ്വാഴ്‌ച സ്‌കൂളിലെത്തി.
ഹയർ സെക്കൻഡറി വിഭാഗത്തിൽ ആൺകുട്ടികൾക്കും പ്രവേശനമുള്ള സ്‌കൂളിലെ പ്ലസ് വൺ ബാച്ചിലാണ് ഒരേ യൂണിഫോം നടപ്പാക്കിയത്. 60 ആൺകുട്ടികളടക്കം 260 കുട്ടികളാണ് ക്ലാസിലുള്ളത്. സംസ്ഥാനത്ത് ജൻഡർ ന്യൂട്രൽ യൂണിഫോമുകളെക്കുറിച്ചുള്ള ചർച്ച സജീവമായഘട്ടത്തിലാണ് പിടിഎ ഇത്തരമൊരു തീരുമാനമെടുത്തത്.
രക്ഷിതാക്കളുടെയും കുട്ടികളുടെയും അഭിപ്രായങ്ങൾകൂടി പരിഗണിച്ചുള്ള നിർദേശങ്ങളാണ് നൽകിയതെന്ന് പ്രിൻസിപ്പൽ ആർ ഇന്ദു അറിയിച്ചു. ഫുൾകൈ താത്പര്യമുള്ളവർക്കും ഓവർകോട്ട് വേണ്ടവർക്കും അതിന് അനുവാദം നൽകിയിട്ടുണ്ട്. ശരീരം ഇറുകിയുള്ള തയ്യൽ ഒഴിവാക്കാനും നിർദേശിച്ചു. ഷാളും മഫ്‌തയുമടക്കമുള്ള മതപരമായ വേഷങ്ങൾക്കും അനുവാദമുണ്ട്.
അതേസമയം, ആൺ-പെൺ വ്യത്യാസമില്ലാതെ യൂണിഫോം അടിച്ചേൽപിക്കുന്നതെന്ന് ആരോപിച്ച് എംഎസ്എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാലുശ്ശേരി ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലിനെ ഉപരോധിച്ചു. ബഹുഭൂരിപക്ഷം പെൺകുട്ടികൾ പഠിക്കുന്ന സ്കൂളിൽ ഒരു വിധ കൂടിയാലോചനകളുമില്ലാതെ പുതിയ പരിഷ്കാരം നടപ്പാക്കാൻ പോകുന്നതിലും വിദ്യാർഥികളും രക്ഷിതാക്കളും പരാതിയുമായി രംഗത്തെത്തിയിട്ടും അധികൃതർ തീരുമാനം പുനഃപരിശോധിക്കാൻ തയ്യാറാകാത്തതിനുമെതിരെയാണ് എംഎസ്എഫ് ജില്ല കമ്മിറ്റി നേതൃത്വത്തിൽ പ്രിൻസിപ്പലിനെ ഉപരോധിച്ചത്.
വിഷയം ചർച്ച ചെയ്യാൻ പിടിഎ ജനറൽ ബോഡി യോഗം ചേരുമെന്നും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾ പരിഹരിക്കുമെന്നും പ്രിൻസിപ്പൽ നേതാക്കൾക്ക് രേഖാമൂലം ഉറപ്പ് നൽകിയതിനു ശേഷമാണ് മൂന്നു മണിക്കൂറോളം നീണ്ട ഉപരോധം അവസാനിച്ചത്.
Also read: "ഈ വണ്ടി കിട്ടിയതില്‍ ഞാന്‍ ഹാപ്പിയാ!" ഇനി കൈകള്‍ തളരില്ല, അമയക്ക് ഇഷ്‌ടമുള്ളയിടത്ത് പോകാം