കോഴിക്കോട്: നിപ വൈറസിന്‍റെ ഉറവിടം കണ്ടെത്തുന്നതിനുള്ള പരിശോധനയ്ക്കായി മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥർ ചാത്തമംഗലത്ത് സന്ദർശനം നടത്തി. ഉറവിടം കണ്ടെത്താനെടുത്ത വിവിധ സാമ്പിളുകൾ ഇന്ന് ഭോപ്പാലിലേക്ക് അയക്കും. സാമ്പിളുകൾ റോഡ് മാർഗം കൊച്ചിയിലേക്ക് എത്തിച്ച് അവിടെ നിന്ന് വിമാനമാർഗം ഭോപ്പാലിലേക്ക് കൊണ്ടുപോകുമെന്ന് സംസ്ഥാന മൃഗരോഗ നിർണയ കേന്ദ്രത്തിലെ സിഡിഐഒ മിനി ജോസ് പറഞ്ഞു.
അതേസമയം സമ്പര്‍ക്കപ്പട്ടികയിലുള്ള 15 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതോടെ നിപ വൈറസ് ബാധയിൽ സംസ്ഥാനത്ത് കൂടുതൽ ആശ്വാസമായി. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ലാബില്‍ നടത്തിയ പരിശോധനകളുടെ ഫലമാണ് പുറത്തുവന്നത്. ഇതോടെ ആകെ നെഗറ്റീവ് ആയവരുടെ എണ്ണം 61 ആയി.
ALSO READ: 'നിപ'യിൽ ആശ്വാസം; 15 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്
നിപ ബാധിതനായി മരിച്ച കുട്ടിയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന കൂടുതല്‍ പേരുടെ സാമ്പിളുകള്‍ വ്യാഴാഴ്‌ച പരിശോധനയ്ക്ക് വിധേയമാക്കും. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 64 പേരാണ് നിരീക്ഷണത്തിലുള്ളത്.