കോഴിക്കോട്: 57-ാം വയസിലും നീന്തൽ പഠിപ്പിക്കാൻ തയ്യാറാണ് സ്‌നേഹ പ്രഭ. നാട്ടിലെ രണ്ട് വയസുള്ള കുട്ടികൾ മുതൽ മുതിർന്ന സ്‌ത്രീകൾ വരെയാണ് സ്‌നേഹപ്രഭക്ക് സമീപം നീന്തൽ പഠിക്കാനെത്തുന്നത്. വെള്ളന്നൂരിലെ വയലിനോട് ചേർന്ന പൊതു കുളത്തിലാണ് നീന്തൽ പഠനം. ഈ വർഷം 45ഓളം പേരെയാണ് സ്‌നേഹപ്രഭ നീന്തൽ അഭ്യസിപ്പിക്കുന്നത്.
10 വർഷങ്ങൾക്ക് മുൻപ് മഴക്കാലത്ത് നാട്ടിലെ കല്ലുവെട്ടുകുഴിയിൽ വെള്ളം നിറയുമ്പോൾ പരിചയക്കാരായ കുട്ടികൾക്ക് നീന്തൽ പഠിപ്പിച്ചാണ് സ്നേഹപ്രഭയുടെ നീന്തൽ അഭ്യാസങ്ങളുടെ തുടക്കം. പിന്നീട് എല്ലാ മഴക്കാലത്തും കുട്ടികൾ നീന്തൽ പഠിക്കാനെത്തും. അന്ന് ശരീരത്തിൽ പ്ലാസ്റ്റിക് കുപ്പികളോ കന്നാസോ കെട്ടിയിരുന്ന സാഹചര്യത്തിൽ നിന്ന് മാറി ഇന്ന് ലൈഫ് ജാക്കറ്റും മറ്റു സുരക്ഷ മാർഗങ്ങളും ഉപയോഗിച്ചാണ് നീന്തൽ പഠനം.
ഇതൊരു മനസാണ് നന്മ മനസ്
വൈകുന്നേരം മൂന്ന് മണി മുതൽ രാത്രി ഏഴുവരെ നീന്തൽ അഭ്യസിപ്പിക്കുന്ന തിരക്കിലായിരിക്കും സ്‌നേഹ പ്രഭ. ബാക്കി സമയം തയ്യൽ ജോലി ചെയ്യാനും സമയം കണ്ടെത്തും. ഇതിലെ വരുമാനവും ചാരിറ്റിക്കാണ്. നീന്തൽ പഠിക്കാൻ എത്തുന്നവർ നൽകുന്ന സംഭാവന സ്നേഹപ്രഭയുടെ നേതൃത്വത്തിലുള്ള ചാരിറ്റി സംഘടനയിലേക്കുള്ള സംഭാവനയായി കണക്കാകും. ഭർത്താവ് വസന്ത കുമാറിന്‍റെ പെൻഷനുള്ളതുകൊണ്ട് മറ്റ് വരുമാനമൊന്നും ആവശ്യമില്ലെന്നും ഇവർ പറയുന്നു.
സിവിൽ ഡിഫൻസ് വളണ്ടിയർ കൂടിയായ സ്‌നേഹപ്രഭ വർഷങ്ങളായി ജീവകാരുണ്യ പ്രവർത്തനങ്ങളിലും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും സജീവമാണ്.
READ MORE: ചിത്രത്തില്‍ നിന്ന് ഇതള്‍വിരിയും രൂപങ്ങള്‍ ; പേപ്പർ ക്വില്ലിങ്ങില്‍ സുനില്‍കുമാറിന്‍റെ കയ്യൊപ്പ്