കോട്ടയം: ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലയായ സൊമാറ്റോ തൊഴിലാളികൾ പണിമുടക്കില്‍. വേതന വർദ്ധനവ് ഉണ്ടാകാത്ത സാഹചര്യത്തിലാണ് കോട്ടയത്ത് തൊഴിലാളികൾ ഭക്ഷണ വിതരണം നിര്‍ത്തിവെച്ചത്.
ഊബർ ഈറ്റ്സ് സൊമാറ്റോ ഏറ്റെടുത്തതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. ഒരു വിഭവം ഉപഭോക്താവില്‍ എത്തിക്കുമ്പോൾ ഊബർ ഈറ്റ്സ് 40 രൂപ തൊഴിലാളികൾക്ക് നൽകിയിരുന്നപ്പോൾ സൊമാറ്റോ നൽകുന്നത് 22 രൂപയാണ്. ഒരു റൂട്ടിൽ ഒന്നിലധികം ഓഡറുകൾ ലഭിച്ചാലും മുമ്പ് കിട്ടിയിരുന്ന വേതനം തൊഴിലാളികൾക്ക് ലഭിക്കുന്നില്ല. ഇന്ധന ചെലവു കഴിഞ്ഞ് ഒന്നും മിച്ചം പിടിക്കാനില്ലെന്നും അതിനാൽ തന്നെ വിതരണത്തിനിറങ്ങുന്നത് ഗുണകരമല്ലെന്നും ജീവനക്കാര്‍ പറയുന്നു.
വേതന വർദ്ധനവ് ആവശ്യപ്പെട്ട തൊഴിലാളികൾക്കെതിരെ കമ്പനി ഭീഷണി മുഴക്കുന്നതായും വിതരണം നിർത്തി വെച്ചാൽ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുമെന്നും തൊഴിലാളികൾക്കെതിരെ നടപടി സ്വീകരിക്കുമെന്നുമാണ് കമ്പനിയുടെ പക്ഷം. വേതനം വർധിപ്പിച്ചില്ലെങ്കിൽ സമരം ശക്തമാക്കാനാണ് ഇവരുടെ തീരുമാനം