കോട്ടയം: പാലായിലെ പഴയ സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിടം പൊളിച്ചു നീക്കി. 150 വര്‍ഷത്തിലേറെ പഴക്കമുണ്ടായിരുന്ന കെട്ടിടമാണ് പൊളിച്ച് നീക്കിയത്. ഓഫീസിന്‍റെ പ്രവര്‍ത്തനം പുതിയ കെട്ടടത്തിലേക്ക് മാറ്റിയതോടെയാണ് പഴയ കെട്ടിടം പൊളിക്കാന്‍ തീരുമാനിച്ചത്. തിരുവിതാംകൂര്‍ രാജഭരണകാലത്ത് കരംപിരിവ് കേന്ദ്രമായി പ്രവര്‍ത്തനം ആരംഭിച്ച കെട്ടിടം കേരള രൂപീകരണശേഷം രജിസ്റ്റര്‍ കച്ചേരിയായും സബ് രജിസ്ട്രാര്‍ ഓഫീസായും രൂപം മാറിയിരുന്നു.
മീനച്ചില്‍ താലൂക്കിലെ ളാലം, പൂവരണി, ഭരണങ്ങാനം, പുലിയന്നൂര്‍, വള്ളിച്ചിറ വില്ലേജുകള്‍ ഈ ഓഫീസിന്റെ പരിധിയിലാണ്. ഓഫീസിന്‍റെ പ്രവര്‍ത്തനം പുതിയ കെട്ടിടത്തിലേക്ക് മാറിയതോടെ പഴയ കെട്ടിടം സാമൂഹ്യവിരുദ്ധരുടേയും മദ്യപാനികളുടേയും കേന്ദ്രമായി മാറിയിരുന്നു. കേരളത്തില്‍ തന്നെ ഏറ്റവും പഴക്കംചെന്ന കെട്ടിടമാണ് പാലായിലേത്. കെട്ടിടത്തിന് കാലപ്പഴക്കം ഉണ്ടെങ്കിലും തടി ഉരുപ്പടികള്‍ കേടുപാടുകള്‍ ഇല്ലാത്തതായിരുന്നു.