കോട്ടയം: മധ്യവേനലവധിക്ക് ശേഷം സ്‌കൂളിലെത്തുന്ന കൊച്ചു കൂട്ടുകാരെ സ്വീകരിക്കാനൊരുങ്ങി കോട്ടയം ജില്ലയിലെ പുതുപ്പള്ളിയിലെ വെള്ളൂക്കുട്ട സ്‌കൂൾ. സ്‌കൂൾ ചുവരുകളിൽ കാടിന്‍റെ ദൃശ്യ ഭംഗി ഒരുക്കിയാണ് വിദ്യാർഥികൾക്ക് സ്വീകരണം ഒരുക്കുന്നത്. പഠനം ആനന്ദകരമാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി വൻ മരങ്ങളും പാറക്കൂട്ടങ്ങളും കാട്ടുചോലകളുമാണ് സ്‌കൂളിന്‍റെ പുറം ചുവരുകളിൽ ചിത്രീകരിച്ചിരിക്കുന്നത്.
ലുട്ടാപ്പിയുടെ ഗുഹയും കുട്ടുസനും ഡാകിനിയും മായാവിയും ചിത്രകഥകളിലെ കഥാപാത്രങ്ങളും ചുവരിൽ വരച്ചു ചേർക്കുന്നുണ്ട്. ത്രീഡി ചിത്രങ്ങളിലൂടെയാണ് ചുവരിൽ കാടിന്‍റെ ഭംഗി പകർത്തിയിരിക്കുന്നത്. കുട്ടികൾക്ക് സൗഹാർദ്ദപരമായ അന്തരീക്ഷം സൃഷ്‌ടിക്കുകയാണു ഉദ്ദേശമെന്ന് സ്‌കൂൾ ഹെഡ്‌മിസ്ട്രസ് ശാലിനി സാമുവേൽ പറഞ്ഞു.
മരങ്ങളോടുള്ള സ്‌നേഹം കുട്ടികളിൽ വർധിപ്പിക്കുന്നതിനു വേണ്ടിയും പരിസ്ഥിതിയെ കുറിച്ച് കുട്ടികളിൽ അവബോധം വളർത്താനുമാണ് ഇതിലൂടെ ശ്രമിച്ചിരിക്കുന്നതെന്ന് ചിത്രകാരനായ സിബി പീറ്റർ പറഞ്ഞു. കൂടാതെ, ഈ പശ്ചാത്തലത്തിൽ ഡ്രാമ, ലൈറ്റ് ആൻഡ് സൗണ്ട് ഷോ തുടങ്ങിയവ നടത്താനും കഴിയും. മാർച്ച് പകുതിയോടെയാണ് ചിത്ര രചന ആരംഭിച്ചത്. വാട്ടർ കളർ, എമൽഷൻ പെയിന്‍റ് എന്നിവയാണ് ഉപയോഗിച്ചിരിക്കുന്നത്. പ്രതിഫലം വാങ്ങാതെയാണ് ചിത്രരചന.
നാടക രചന, ഗ്രന്ഥകാരൻ, ഗാനരചയിതാവ്, ശില്‌പ കലാകാരൻ, കാർട്ടൂണിസ്റ്റ് തുടങ്ങി നിരവധി വിശേഷണങ്ങൾ സിബിയ്ക്കുണ്ട്. നിരവധി പേർ കാട് നിറഞ്ഞ സ്‌കൂളിന്‍റെ ചിത്രങ്ങൾ പകർത്തുന്നതിനായി എത്തുന്നുണ്ട്.