കോട്ടയം: ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ എസ്.ഐ വാഹനാപകടത്തിൽ മരിച്ചു. വെള്ളൂർ പൊലീസ് സ്റ്റേഷനിലെ എസ്.ഐ ടിവി പുരം സ്വദേശി സജിയാണ് (53) മരിച്ചത്. ബൈക്കും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ സജിയെ തെള്ളകം മാതാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബുധനാഴ്‌ച രാത്രി പത്തു മണിയോടെ തലപ്പാറയ്ക്കും - പൊതിപാലത്തിനും സമീപമായിരുന്നു അപകടം. ഡ്യൂട്ടിക്ക് ശേഷം സജി ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഈ സമയം എതിർ ദിശയിൽ നിന്നും എത്തിയ ടെമ്പോ ട്രാവലർ ഇദ്ദേഹം സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ സജിയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് തെള്ളകത്തെ മാതാ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം രാത്രി 11.15 ഓടെ മരിക്കുകയായിരുന്നു. മൃതദേഹം രാത്രി തന്നെ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. സംഭവത്തിൽ തലയോലപ്പറമ്പ് പൊലീസ് കേസെടുത്തു. പരിക്കേറ്റ ട്രാവലർ ഡ്രൈവറെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.