കോട്ടയം: ഷാൻ ബാബു കൊലക്കേസിലെ പ്രതി കേഡി ജോമോൻ എന്നുവിളിക്കുന്ന ജോമോന്.കെ.ജോസിനെ കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കി. കോട്ടയം ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോട്ടയം ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ല കലക്ടറാണ് കരുതൽ തടങ്കലിന് ഉത്തരവിട്ടത്.
ഇയാളെ വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലാക്കി. കോട്ടയം മുള്ളൻകുഴി ഭാഗത്തുനിന്നും ഷാൻ ബാബുവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം പൊലീസ് സ്റ്റേഷൻ മുറ്റത്ത് കൊണ്ടുവന്നിട്ട സംഭവത്തിലെ ഒന്നാം പ്രതിയാണ് ജോമോൻ. ഈ കേസിൽ റിമാൻഡില്‍ കഴിയവെയാണ് കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടത്.
ALSO READ: 14കാരനെ പീഡിപ്പിച്ച 49കാരൻ അറസ്റ്റില്‍; അക്രമം പുറത്ത് പറയാതിരിക്കാൻ 50 രൂപയും ഭീഷണിയും
കൊലപാതകം, വധശ്രമം, ആക്രമിച്ച് ഗുരുതര പരിക്കേൽപ്പിക്കുക തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ജോമോൻ. കോട്ടയം ഈസ്റ്റ്, അയർക്കുന്നം പൊലീസ് സ്റ്റേഷനുകളിൽ വധശ്രമം, ആയുധമുപയോഗിച്ച് ആക്രമിച്ച് ഗുരുതര പരിക്കേൽപ്പിക്കുക, കുരുമുളക് സ്പ്രേ ഉപയോഗിച്ച് ആക്രമിക്കുക തുടങ്ങിയ കേസുകളിൽ പ്രതിയാണ് ഇയാൾ.