കോട്ടയം: ജോസ്.കെ.മാണി ആവശ്യപ്പെട്ടാൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം രാജിവെക്കുമെന്ന് സെബാസ്റ്റ്യൻ കുളത്തിങ്കൽ. എന്നാൽ സ്ഥാനത്തെ ചൊല്ലി യു.ഡി.എഫിൽ ധാരണകൾ ഉണ്ടായിട്ടില്ല. രാജിക്കാര്യത്തില്‍ യു.ഡി.എഫിന്‍റെ സമ്മർദം ഉണ്ടായിട്ടില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എന്ന നിലയിലുള്ള പ്രവർത്തനങ്ങളിൽ മാത്രമാണ് താന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ ജില്ലാ കോൺഗ്രസ് നേതൃത്വവും ജോസ്.കെ.മാണി പക്ഷം ഉടൻ രാജി വെക്കണമെന്ന യു.ഡി.എഫ് നിലപാടിനൊപ്പമാണ്. നേരത്തേ ജില്ലാ പഞ്ചായത്തിലെ കേരളാ കോൺഗ്രസ് ധാരണ പ്രഖ്യാപിക്കാൻ നിയോഗിക്കപ്പെട്ടത് താനാണന്നും അത് പാലിക്കപ്പെടണമെന്നും ആവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്‍റ് ജോഷി ഫിലിപ്പ് രംഗത്തെത്തിയിരുന്നു. കരാറുകൾ ലിഖിതമായാലും വാക്കാലായാലും അത് പാലിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
ജോസ് പക്ഷത്തെ തള്ളി കോട്ടയം ജില്ലാ കോൺഗ്രസ് നേതൃത്വവും ജോസഫ് അനുകൂല നിലപാട് സ്വീകരിച്ചതോടെ കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ് ജോസ് പക്ഷം. എന്നാൽ നിലപാടിൽ വിട്ടുവീഴ്ചയില്ലെന്ന് ആവര്‍ത്തിക്കുകയാണ് ജോസ് പക്ഷം. യു.ഡി.എഫിന്‍റെ കെട്ടുറപ്പിനെ ബാധിക്കുന്ന പ്രശ്നത്തിൽ ചർച്ചകൾ തുടങ്ങിയ ശേഷം ജോസഫ് വിഭാഗത്തിന്‍റെ സമ്മർദത്തിന് വഴങ്ങി യു.ഡി.എഫ് നേതൃത്വം നിലപാട് മാറ്റരുതെന്നും ജോസ് പക്ഷം ആവശ്യപ്പെടുന്നു. എന്നാൽ രണ്ട് ദിവസത്തിനകം ഇരു വിഭാഗങ്ങളും നിലപാട് വ്യക്തമാക്കണമെന്നാണ് കോൺഗ്രസ് നിലപാട്.