കോട്ടയം: ജോസ്.കെ.മാണി വിഭാഗം എൽഡിഎഫിൽ ചേക്കേറുന്നതിന്‍റെ ഭാഗമായാണ് അധികാരത്തിലെത്തി കാലാവധി പൂർത്തിയാക്കിയിട്ടും തദ്ദേശഭരണ സ്ഥാപനങ്ങളിലെ പദവികൾ വിട്ടുനൽകുന്നതിന് വിസമ്മതിക്കുന്നതെന്ന ആരോപണവുമായി കേരള കോൺഗ്രസ് എം ജോസഫ് പക്ഷ കോട്ടയം ജില്ല പ്രസിഡന്‍റ് സജി മഞ്ഞക്കടമ്പൻ. ജില്ലാ പഞ്ചായത്തിലെ അധികാര കൈമാറ്റത്തിൽ യുഡിഎഫ് ഇടപെടലിനെയും നിരാകരിച്ച ജോസ്.കെ.മാണി മുന്നണി മാറ്റ നടപടികൾ പ്രതീക്ഷിച്ച് തന്നെയാണ് ഇത്തരത്തിൽ ധാരണ വിരുദ്ധപ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തിൽ ധാരണയുണ്ടന്നും ജോസ് പക്ഷം അധികാരമൊഴിയണമെന്ന് യുഡിഎഫ് നേതൃത്വം ജോസ് പക്ഷത്തെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കെ.എം മാണിയുള്ളപ്പോൾ തയ്യാറാക്കിയ ധാരണയനുസരിച്ചാണ് മുന്നോട്ട് പോകുന്നതെന്നും അധികാരമൊഴിയില്ലെന്ന് ജോസ് പക്ഷം പറഞ്ഞുവെന്നും സജി മഞ്ഞക്കടമ്പന്‍ പറഞ്ഞു. കെ.എം മാണിയുടെ സാന്നിധ്യത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദവി സംബന്ധിച്ച് തയ്യാറാക്കിയ എഗ്രിമെന്‍റ് ലംഘിച്ച് ഇടതുപക്ഷത്തിന്‍റെ പിന്തുണയോടെ കോൺഗ്രസിന്‍റെ പ്രസിഡന്‍റ് സ്ഥാനം അട്ടിമറിച്ചവർക്ക് ആ എഗ്രിമെന്‍റിന്‍റെ കാര്യം പറയാൻ യോഗ്യതയില്ലന്നും സജി മഞ്ഞക്കടമ്പൻ വ്യക്തമാക്കി.
യുഡിഎഫിൽ നിന്നും പുറത്ത് പോകാനുള്ള പ്രവർത്തനങ്ങളാണ് നിലവിൽ ജോസ് പക്ഷം നടത്തുന്നതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തെ സംബന്ധിച്ച അനിശ്ചിതത്വങ്ങൾക്ക് ഒരാഴ്ചക്കുള്ളില്‍ വിരാമമാകുമെന്ന പ്രതീക്ഷയാണുള്ളതെന്നും സജി മഞ്ഞക്കടമ്പൻ കൂട്ടിച്ചേർത്തു.