കോട്ടയം : മുല്ലപ്പെരിയാറിൽ സുപ്രീം കോടതിയുടേത് കരുതലോടെയുള്ള വിധിയെന്നും കേരളത്തിന്‍റെ ആവശ്യങ്ങൾ കോടതി അംഗീകരിച്ചുവെന്നും മന്ത്രി റോഷി അഗസ്റ്റിൻ. ഡാം സേഫ്റ്റി സംബന്ധിച്ച ആവശ്യങ്ങൾക്ക് അംഗീകാരം നൽകിയത് കേരളത്തിന് കൂടുതൽ അനുകൂലമാകുമെന്നും ഇനി കേരളവുമായി തമിഴ്‌നാടിന് എല്ലാം കാര്യങ്ങളും ആലോചിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
ഇതുവരെ 2006 ലെയും 2014 ലെയും സുപ്രീം കോടതി വിധി അടിസ്ഥാനപ്പെടുത്തിയായിരുന്നു തമിഴ്‌നാടിന്‍റെ വാദങ്ങൾ എല്ലാം നടന്നിരുന്നത്. ഇനി അതിനുപറ്റാതെ വരുമെന്നും പുതിയ ഡാം എന്ന ആവശ്യത്തിലേക്ക് വഴി തുറക്കാൻ ഈ വിധി കാരണമാകാമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
ഡാം സുരക്ഷാ നിയമ പ്രകാരമുള്ള എല്ലാ അധികാരങ്ങളും മേല്‍നോട്ട സമിതിക്ക് കൈമാറാന്‍ സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. അതിനാൽ മേല്‍നോട്ട സമിതിക്കാണ് ഇനി ഡാം സുരക്ഷയുടെ പൂര്‍ണ അധികാരം. കേരളത്തിലെയും തമിഴ്നാട്ടിലെയും സാങ്കേതിക വിദഗ്ധന്‍ സമിതിയുടെ ഭാഗമാകും.
ഡാമിന്റെ മേൽനോട്ടം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ് നടപടിയെന്നും ദേശീയ സുരക്ഷ അതോറിറ്റി എത്രയും വേഗം പ്രവർത്തന സജ്ജമാക്കണമെന്നും കോടതി വിധിയിൽ പറഞ്ഞിട്ടുണ്ട്. അതിനാൽ പുതിയ വിധി ഏറെ പോസിറ്റീവായാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു.