കോട്ടയം : നാർക്കോട്ടിക് ലൗ ജിഹാദ് പരാമർശത്തില്‍ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ കുറവിലങ്ങാട് പൊലീസാണ് കേസെടുത്തത്. പാലാ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെ തുടർന്നാണ് നടപടി.
വിവാദ പരാമര്‍ശത്തില്‍ ബിഷപ്പിനെതിരെ കേസെടുക്കാനാവശ്യപ്പെട്ട് സെപ്‌റ്റംബര്‍ 24ന് ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ കോട്ടയം ജില്ല പ്രസിഡന്‍റ് അബ്‌ദുല്‍ അസീസ് മൗലവി കുറവിലങ്ങാട് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
Read more: ലൗ ജിഹാദിനൊപ്പം നർക്കോട്ടിക് ജിഹാദും; വിവാദ പ്രസ്‌താവനയുമായി പാലാ രൂപത
എന്നാല്‍ പൊലീസ് കേസെടുക്കാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് എസ്‌പിയ്ക്ക് പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല. സെപ്‌റ്റംബര്‍ 8നാണ് കുറവിലങ്ങാട് മര്‍ത്ത് മറിയം ഫൊറോന പള്ളിയില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുസ്‌ലിം വിഭാഗത്തിനെതിരെ വിദ്വേഷ പ്രസംഗം നടത്തിയത്.
ലൗജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് തുടങ്ങിയ പരാമര്‍ശങ്ങള്‍ നടത്തിയതുമൂലം മുസ്‌ലിം ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നത രൂപപ്പെട്ടിരുന്നു. പലരും പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് പ്രതിക്കെതിരെ 153 എ, 295 എ, 505 (ii), 505 (iii) എന്നീ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചത്.