കോട്ടയം/കൊല്ലം: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്‌ത ഹർത്താലിനിടെ അക്രമ പ്രവർത്തനങ്ങൾ നടത്തിയ കേസിൽ അഞ്ച് പിഎഫ്‌ഐ പ്രവർത്തകർ അറസ്റ്റിൽ. കോട്ടയത്ത് നിന്ന് നാലുപേരെയും, കൊല്ലം ജില്ലയിൽ നിന്ന് ഒരാളെയുമാണ് അറസ്റ്റ് ചെയ്‌തത്. കെഎസ്ആർടിസി ബസിന്‍റെയും ബേക്കറിയുടെയും ചില്ല് തകർത്ത കേസിലാണ് കോട്ടയത്ത് നിന്ന് നാലുപേരെ അറസ്റ്റ് ചെയ്‌തത്.
പൊലീസിനെ ഇരുചക്രവാഹനം ഉപയോഗിച്ച് ഇടിച്ച കേസിലാണ് കൊല്ലത്ത് നിന്ന് പിഎഫ്ഐ പ്രവർത്തകനെ അറസ്റ്റ് ചെയ്‌തത്. കൊട്ടിയം-പള്ളിമുക്ക് പാതയിൽ ഹർത്താൽ ദിനം ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെയാണ് ഇയാൾ ബൈക്ക് ഉപയോഗിച്ച് ഇടിച്ചു തെറിപ്പിച്ചത്. പൊലീസ് സംഘത്തെ കണ്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ എതിരെ ബൈക്കിൽ വരികയായിരുന്ന പൊലീസുകാരെ ഇയാൾ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ രണ്ട് പൊലീസുകാർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതിൽ ഒരാൾ ഇപ്പോഴും ചികിത്സയിലാണ്. പ്രതിക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. ഇയാളെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അതേസമയം ഇന്നും കർണാടക, അസം, യുപി, മഹാരാഷ്ട്ര, ഡൽഹി, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് ആസ്ഥാനങ്ങളിൽ പൊലീസ് പരിശോധനകൾ നടക്കുകയാണ്.