കോട്ടയം : കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ മീനച്ചിലാർ പല സ്ഥലത്തും കവിഞ്ഞൊഴുകിയെങ്കിലും കിഴക്കൻ വെള്ളത്തിന്‍റെ വരവ് കൂടിയാൽ ഇപ്പോഴത്തെ അവസ്ഥ മാറുകയും ജില്ലയിൽ വെള്ളപ്പൊക്കം രൂക്ഷമാവുകയും ചെയ്യും. കോട്ടയം ഇല്ലിക്കൽ ചെങ്ങളം ഭാഗത്തെ കടകളിലും വീടുകളിലും ഇതിനകം തന്നെ വെള്ളം കയറിയ നിലയിലാണ്.
ഇതിൽ പല വീടുകളും അപകടാവസ്ഥയിലാണ്. ഉൾപ്രദേശങ്ങളിലെ പല വീടുകളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഈ ഭാഗത്തെ വീട്ടുകാർ വാഹനങ്ങളും വീട്ടുപകരണങ്ങളും സുരക്ഷിതമായ സ്ഥലങ്ങളിൽ മാറ്റിയിരിക്കുകയാണ്.
വെള്ളം പെട്ടെന്ന് ഉയർന്നാൽ വീടുകളിൽ നിന്ന് മറ്റ് സ്ഥലങ്ങളിലേക്ക് പോകാനുള്ള മാർഗവും കണ്ടെത്തിയാണ് വീട്ടുകാർ ഇവിടെ കഴിയുന്നത്. പഞ്ചായത്തുകളും ഇവർക്ക് വേണ്ട സഹായത്തിന് തയ്യാറെടുപ്പുകൾ നടത്തിയിരിക്കുകയാണ്.
താഴ്‌ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ
ജില്ലയിലെ പടിഞ്ഞാറൻ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. പാറേച്ചാൽ, വേളൂർ, പുളിക്കമറ്റo, പാണം പടി, പതിനഞ്ചിൽ കടവ്, കല്ലുപുരയ്ക്കൽ പാറേച്ചാൽ മേഖലകളിലെ റോഡുകൾ വെള്ളത്തിലാണ്. ഈ ഭാഗത്ത് ദുരിതാശ്വാസ ക്യാമ്പുകളിൽ 74 പേരാണ് കഴിയുന്നത്.
അതേ സമയം മടവീണ് വിതയ്‌ക്ക് വെള്ളം വെച്ചിരുന്ന തിരുവാർപ്പ് വടക്കേ നടുവിലെ പാടശേഖരത്തിൽ വെള്ളം കയറി. ഈ മാസം 17ന് വിത നടത്താനിരിക്കെയാണ് പാടത്ത് വെള്ളം കയറിയത്. മട വീഴ്‌ച മൂലം 75,000 രൂപയുടെ നഷ്ടം സംഭവിച്ചതായി പാടശേഖര സമിതി അറിയിച്ചു.
ALSO READ : ഇടുക്കി ഡാമിന്‍റെ ഷട്ടറുകൾ രാവിലെ 11 മണിയോടെ തുറക്കും; കനത്ത ജാഗ്രത
അതേസമയം കിഴക്കൻ വെള്ളം കുമരകം ഭാഗത്ത് എത്തുന്ന മുറയ്ക്കു തന്നെ വേമ്പനാട്ടു കായലിലേക്ക് ഒഴുകിപ്പോയത് ഈ മേഖലയിലെ വെള്ളപ്പൊക്കത്തിന്‍റെ രൂക്ഷത കുറച്ചിട്ടുണ്ട്. ചെങ്ങളം കുമ്മനം ഭാഗത്തെ വെള്ളം കോട്ടത്തോട് വഴിയും കാഞ്ഞിരം, മലരിക്കൽ, കിളിരൂർ ഭാഗത്തെ വെള്ളം കാഞ്ഞിരം തോട് വഴിയും കായലിലേക്ക് പോകുന്നുണ്ട്.
അയ്‌മനം ആർപ്പൂക്കര മേഖലയിലെ വെള്ളം പെണ്ണാർ തോട് വഴിയാണ് കായലിലേക്ക് എത്തുന്നത്. പെണ്ണാർ തോട് കായലിൽ പതിക്കുന്ന ഭാഗത്തെ എക്കൽ ഇറിഗേഷൻ വകുപ്പ് നീക്കിയത് വെള്ളം ഒഴുകി പോകുന്നതിന് സഹായകരമായിട്ടുണ്ട്.