കോട്ടയം : പാലാ സെന്‍റ് തോമസ് കോളജിൽ പ്രണയപ്പകയ്‌ക്ക് ഇരയായി കൊല്ലപ്പെട്ട നിതിന മോളുടെ മൃതദേഹം സംസ്‌കരിച്ചു. കോട്ടയം മെഡിക്കൽ കോളജിലെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.വൻ ജനാവലിയാണ് നിതിനയെ അവസാനമായി ഒരുനോക്കുകാണാൻ വീട്ടിലെത്തിയത്.
പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട്
രക്തം വാർന്നാണ് നിതിനയുടെ മരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. നിതിനയുടെ കഴുത്തിൽ ആഴത്തിലും വീതിയിലുള്ള മുറിവാണ് ഉണ്ടായിരുന്നത്. രക്തധമനികളും മുറിഞ്ഞുപോയിരുന്നു.
ചേർത്തുപിടിച്ച് കഴുത്തറുത്തതിനാലാണ് ആഴത്തിലുള്ള മുറിവുണ്ടായതും അമിത രക്തസ്രാവമുണ്ടായതെന്നും ഫൊറന്‍സിക് സര്‍ജറി വിഭാഗം തലവന്‍ വ്യക്തമാക്കി.
പ്രതിയെ കോളജിലെത്തിച്ച് തെളിവെടുപ്പ് നടത്തി
പ്രതി അഭിഷേകിനെ കോളജ് ക്യാമ്പസില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. നിതിനമോളെ കൊലപ്പെടുത്താൻ അഭിഷേക് പുതിയ ബ്ലേഡ് വാങ്ങിയതായാണ് മൊഴി.
ഒരാഴ്‌ച മുൻപ് കൂത്താട്ടുകുളത്തെ കടയിൽ നിന്നാണ് ബ്ലേഡ് വാങ്ങിയത്. പേപ്പർ കട്ടറിൽ ഉണ്ടായിരുന്ന പഴയ ബ്ലേഡ് മാറ്റി പുതിയത് ഇടുകയായിരുന്നു. അഭിഷേകിനെ ഈ കടയിലുമെത്തിച്ച് പൊലീസ് തെളിവെടുത്തു.
പ്രണയപ്പക
പ്രണയം നിരസിച്ചതിനാണ് കോളജ് വിദ്യാർഥിനിയായ നിതിനയെ സഹപാഠി അഭിഷേക് കഴുത്തറുത്ത് കൊലപ്പെടുത്തിയത്.
പരീക്ഷ കഴിഞ്ഞ് ഇറങ്ങിയ പെൺകുട്ടിയെ മരത്തിന് ചുവട്ടിൽ ആൺകുട്ടി കാത്തിരിക്കുകയായിരുന്നുവെന്ന് കോളജ് പ്രിൻസിപ്പൽ ഫാ. ജയിംസ് മംഗലത്ത് പറഞ്ഞു. തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു.
പിന്നാലെ പോയ കുട്ടികളാണ് സംഭവം കണ്ടത്. കോളജ് ഓഫിസിൽ വിവരം ലഭിച്ചതിനെ തുടർന്ന് ആശുപതിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
ഇതിനുമുമ്പ് യാതൊരു പ്രശ്‌നവും റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്നും അടുപ്പമുണ്ടെന്ന് പറയുന്നുവെങ്കിലും ഇത് സംബന്ധിച്ച് വിവരങ്ങൾ ഇല്ലായിരുന്നുവെന്നും പ്രിൻസിപ്പൽ പറഞ്ഞു.