കോട്ടയം: ആശുപത്രികൾ കേന്ദ്രീകരിച്ച് മൊബൈൽ ഫോൺ മോഷണം നടത്തുന്നയാൾ പിടിയിൽ. കോഴിക്കോട് ബേപ്പൂര്‍ മാറാട് അരക്കിണര്‍ സ്വദേശിയായ റഷീദ് (26) ആണ് ഗാന്ധിനഗര്‍ പൊലീസിന്‍റെ പിടിയിലായത്. മോഷ്‌ടിച്ച മൊബൈൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെ ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും ഫോണ്‍ മോഷ്ടിച്ചതിന് ഇയാളുടെ പേരില്‍ അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കല്‍ കോളജിലെ ലിഫ്റ്റ് ഓപ്പറേറ്ററുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച സംഭവത്തില്‍ പൊലീസ് ഇയാളെ അന്വേഷിച്ച് വരികയായിരുന്നു.
മൊബൈൽ മോഷണം സ്ഥിരമാക്കിയ ഇയാൾ ഓരോ സ്ഥലത്തും കറങ്ങിനടന്നാണ് മോഷണം നടത്തുന്നത്. ആശുപത്രികളാണ് പ്രധാനമായും കേന്ദ്രീകരിക്കുന്നത്.