കോട്ടയം : ഖത്തറിൽ സ്‌കൂൾ ബസിൽ മരിച്ച നിലയിൽ കണ്ടെത്തിയ നാല് വയസുകാരി മിൻസ മറിയം ജേക്കബിന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു. ബുധനാഴ്‌ച രാവിലെ 9.30ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലും തുടര്‍ന്ന് 11.30 ഓടെ കോട്ടയം ചിങ്ങവനത്തെ വീട്ടിലുമെത്തിച്ചു. നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കി മൃതദേഹം ഇന്നലെ (13.09.22) ബന്ധുക്കൾക്ക് വിട്ടുനൽകിയിരുന്നു.
നാലാം പിറന്നാൾ ദിനത്തിലാണ് മിൻസയ്ക്ക് സ്‌കൂൾ ബസ് ജീവനക്കാരുടെ അശ്രദ്ധയെ തുടർന്ന് ജീവൻ നഷ്‌ടമായത്. രാവിലെ സ്‌കൂളിലേക്ക് വന്ന മിന്‍സ ഉറങ്ങിപ്പോയത് അറിയാതെ ജീവനക്കാര്‍ ബസ് പൂട്ടി പോവുകയും തുടര്‍ന്ന് വാഹനത്തിനുള്ളില്‍ കുടുങ്ങിയ കുട്ടി കനത്ത ചൂടില്‍ ശ്വാസം മുട്ടി മരിക്കുകയുമായിരുന്നു.
ഫോറന്‍സിക് മെഡിക്കല്‍ പരിശോധനകള്‍ക്ക് ശേഷമാണ് മിന്‍സയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. കോട്ടയം ചിങ്ങവനം സ്വദേശികളായ അഭിലാഷ്-സൗമ്യ ദമ്പതികളുടെ മകളാണ് മിൻസ. മൃതദേഹം ഇന്ന് വൈകിട്ട് വീട്ടുവളപ്പിൽ സംസ്‌കരിക്കും.
അതേസമയം കുട്ടി മരിച്ച സംഭവത്തില്‍ സ്‌കൂള്‍ അടയ്ക്കാന്‍ ഖത്തര്‍ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. പ്രാഥമിക അന്വേഷണത്തിൽ സ്‌കൂൾ അധികൃതർക്ക് വീഴ്‌ച പറ്റിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കടുത്ത നടപടിയിലേക്ക് അധികൃതർ കടന്നത്. അല്‍ബക്കറയിലെ സ്പ്രിങ്ഫീല്‍ഡ് കിന്‍ഡര്‍ ഗാര്‍ഡന്‍ ആണ് ഖത്തര്‍ വിദ്യാഭ്യാസ വകുപ്പ് അടപ്പിച്ചത്.
ഖത്തറിലെ ആഭ്യന്തര, വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകള്‍ സംയുക്തമായാണ് സംഭവത്തിൽ അന്വേഷണം നടത്തുന്നത്. വീഴ്‌ച വരുത്തിയ ബസ് ജീവനക്കാർക്കെതിരെയും സ്‌കൂൾ അധികൃതർക്കെതിരെയും ഖത്തർ നിയമമനുസരിച്ചുള്ള കർശനമായ നടപടി സ്വീകരിക്കാനാണ് പൊലീസിന്‍റെ തീരുമാനം.