കോട്ടയം: ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ നിന്നും ഇളവു ലഭിച്ച എം.ജി സർവകലാശാലയിൽ ഓഫീസുകളുടെ പ്രവർത്തനം പുനഃരാരംഭിച്ചു. കർശന സന്ദർശക വിലക്കോടെയാണ് യൂണിവേഴ്‌സിറ്റിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നത്. യൂണിവേഴ്‌സിറ്റിയിലെ വിവിധ വിഭാഗങ്ങളിലായി 597 ജീവനക്കാരാണ് ഹാജരായത്.
നാല് ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്ന ജീവനക്കാരുടെ മൊത്തം അംഗ സംഖ്യ 1286 ആണ്. എ, ബി ഗ്രൂപ്പുകളിലായി 228 പേരും സി, ഡി ഗ്രൂപ്പുകളിലായി 369 പേരും ഹാജരായി. സ്വന്തമായി വാഹനമില്ലാത്ത ജീവനക്കാർക്കായി പ്രത്യേക ഗതാഗത സൗകര്യവും യൂണിവേഴ്‌സിറ്റി ഒരുക്കിയിട്ടുണ്ട്. കോട്ടയത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി ജീവനക്കാർക്കായി മൂന്ന് ബസുകൾ ആണ് ഒരുക്കിയിരിക്കുന്നത്. സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചും സാമൂഹിക അകലം പാലിച്ചുമാണ് ബസുകളുടെ സർവീസ്.
ബ്രേക്ക് ദി ചെയിൻ ക്യാമ്പയിന്‍റെ ഭാഗമായി സർവകലാശാല പൂർണമായും അണുവിമുക്തമാക്കിയിരുന്നു. കൈകൾ അണുവിമുക്തമാക്കാനുള്ള പ്രത്യേക കിയോസ്‌കുകളും യൂണിവേഴ്‌സിറ്റിയിൽ സ്ഥാപിച്ചിട്ടുണ്ട്.