കോട്ടയം: മണർകാട് പള്ളി ഓര്ത്തഡോക്സ് സഭയ്‌ക്ക് കൈമാറാൻ കോടതി ഉത്തരവായി. 1934ലെ ഭരണഘടനപ്രകാരം പള്ളി ഭരിക്കണമെന്നാണ് കോട്ടയം സബ് കോടതി വിധിച്ചത്. യാക്കോബായ സഭ ഏറെ പ്രാധാന്യം കൽപിക്കുന്ന ദേവാലയമാണ് മണർകാട് പള്ളി.
മധ്യകേരളത്തിലെ യാക്കോബായ സഭയുടെ ശക്തികേന്ദ്രങ്ങളിൽ ഒന്നു കൂടിയാണിത്. 2500 ഓളം ഇടവകാംഗങ്ങളുണ്ട് മണർകാട് സെന്‍റ് മേരീസ് പള്ളിക്ക്. തിരുവാർപ്പ് മർത്ത ശ്മുനിപള്ളി ജില്ലാ ഭരണകൂടം ഏറ്റെടുത്തതിന് പിന്നാലെയാണ് മണർകാട് പള്ളിയും ഏറ്റെടുക്കണമെന്ന് കോട്ടയം സബ് കോടതി ഉത്തരവിട്ടിരിക്കുന്നത്. 1934ലെ മലങ്കര സഭാ ഭരണഘടന പ്രകാരവും, 2017 ജൂലൈ മൂന്നിലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലും പള്ളി ഭരിക്കപ്പെടണം. 1934 ലെ ഭരണഘടന പ്രകാരമുള്ള ഭരണകക്ഷിക്ക് മാത്രമെ പള്ളിയുടെ ചുമതലകൾ നടത്താൻ അധികാരമുള്ളു. ഈ ഭരണകക്ഷിയെ ആരെങ്കിലും തടഞ്ഞാൽ പൊലീസ് നടപടിയെടുക്കണം.
നിലവിലെ ഭരണകക്ഷി ഇതുവരെയുള്ള വരവ് ചെലവ് കണക്കുകൾ നിയമപ്രകാരമുള്ള ഭരണകക്ഷിക്ക് നൽകണം. വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും കോടതിയുടെ തീരുമാനം സമാധാന അന്തരീക്ഷം സൃഷ്ടിക്കുന്നതിന് കാരണമാകണമെന്നും ഓർത്തഡോക്‌സ് സഭ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദീയസ് കോറോസ് പ്രതികരിച്ചു. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് യാക്കോബായ സഭയുടെ തീരുമാനം.