കോട്ടയം: നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പോകാൻ സ്വയം വള്ളം തുഴഞ്ഞുപോകുന്നതിനിടെ വള്ളം മറിഞ്ഞ് വയോധികന്‍ മരിച്ചു. വിജിലന്‍സില്‍ നിന്ന് വിരമിച്ച കോട്ടയം കല്ലറ മുണ്ടാർ സ്വദേശി വി. ശശിധരനാണ് (72) മരിച്ചത്. തിങ്കളാഴ്‌ച വൈകിട്ട് നാലിന് കരിയാർ കായലിലാണ് അപകടമുണ്ടായത്.
വൈക്കത്ത് പോയി പെൻഷൻ വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ശശിധരൻ സമീപത്തെ ഒരു വീട്ടിൽ കയറി വിശ്രമിച്ചിരുന്നു. പിന്നീട് വീട്ടിലെത്തിയ ശേഷം വൈകുന്നേരത്തോടെ വീണ്ടും നെഞ്ചുവേദനയും ക്ഷീണവും അനുഭവപ്പെട്ടു. തുടർന്ന് ആശുപത്രിയിൽ പോകാനായി മറുകരയിലുള്ള വാഹനത്തിന്‍റെ അരികിലേയ്ക്ക് വള്ളം തുഴഞ്ഞു പോകുന്നതിനിടെ വള്ളം മറിയുകയായിരുന്നു.
നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ട മുണ്ടാർ തുരുത്തിലാണ് ശശിധരന്‍റെ വീട്. കായലിൽ വീണ ശശിധരനെ സമീപവാസികള്‍ രക്ഷിച്ച് വൈക്കം ഇൻഡോ-അമേരിക്കൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
Also read: പ്രഭാത സവാരിക്കിറങ്ങിയ വയോധികന്‍ വാഹനമിടിച്ചു മരിച്ചു