കോട്ടയം: കേരള സർക്കാരിന്‍റെ വിൻവിൻ ലോട്ടറിയുടെ ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് ഇതര സംസ്ഥാന തൊഴിലാളിയിൽ നിന്നും കവർന്ന പ്രതികളെ അറസ്റ്റു ചെയ്തു. മലപ്പുറം സ്വദേശികളായ സമദിനെയും മിഗ്ദാദിനെയുമാണ് എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
കോട്ടയം ഏറ്റുമാനൂരിലെ ഹോട്ടലിൽ ജോലി ചെയ്യുന്ന അസം സ്വദേശിക്കാണ് വിൻവിൻ ലോട്ടറിയുടെ ഒന്നാം സമ്മാനം അടിച്ചത്. സമ്മാന തുക ലഭിക്കാൻ ഇയാൾ ഹോട്ടൽ ഉടമയുടെ സഹായം തേടി. ലോട്ടറിയും, ആധാർ കാർഡും, ബാങ്ക് അക്കൗണ്ടും ഉണ്ടെങ്കിൽ സമ്മാന തുക മാറ്റിയെടുക്കാമെന്ന് ബാങ്കുകൾ അറിയിച്ചെങ്കിലും ആധാർ കാർഡ് ഇല്ലാത്തതിനാൽ ആ ശ്രമം പരാജയപ്പെടുകയായിരുന്നു. ഈ വിവരം മനസ്സിലാക്കിയ ഹോട്ടലിൽ അപ്പം സപ്ലൈ ചെയ്യുന്ന മലപ്പുറം സ്വദേശി മിഗ്ദാദ് തുക മാറിയെടുക്കാൻ സഹായം വാഗ്ദാനം ചെയ്ത് ലോട്ടറി ടിക്കറ്റ് തട്ടിയെടുക്കുകയായിരുന്നു. ഇതേ തുടർന്ന് അസം സ്വദേശി എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
പൊലീസ് നടത്തിയ അന്വഷണത്തിൽ മിഗ്ദാദും സുഹൃത്തായ സമദും ചേർന്ന് എടക്കരയിലെ ബാങ്കിൽ ജോയിന്റ് അക്കൗണ്ട് തുടങ്ങി ലോട്ടറി അവിടെ ഏൽപ്പിച്ചതായി മനസിലായി. പൊലീസ് അന്വഷിക്കുന്ന വിവരം അറിഞ്ഞതോടെ രണ്ടുപേരും ഒളിവിൽ പോയി. ഒന്നാം പ്രതി മലപ്പുറം പോത്തുകല്ലു വെളുമ്പിയം പാടം കല്ലുവളപ്പിൽ വീട്ടിൽ മിഗ്ദാദ് പിന്നീട് കോടതിയിൽ കീഴടങ്ങി. ഒളിവിലായിരുന്ന സമദ് പൊലീസ് അന്വേഷണം നിർത്തി എന്ന് കരുതി നാട്ടിൽ എത്തി. വിവരം അറിഞ്ഞ നോർത്ത് പൊലീസ് എടക്കരയിൽ എത്തി സമദിനെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.