കോട്ടയം: കൊവിഡിനെതിരെ ഒറ്റയാൾ പോരാട്ടത്തിലാണ് ലോട്ടറി വിൽപനക്കാരനായ സി.ജി കൃഷ്ണകുമാർ. മഹാമാരിയിൽ നാട് ഉലഞ്ഞു നിൽക്കുമ്പോൾ ബോധവൽകരണമാണ് ഇദ്ദേഹം ലക്ഷ്യം വയ്ക്കുന്നത്. ഒഴിഞ്ഞ ചുവരുകളിൽ വെള്ളപൂശി ചായക്കൂട്ടുകൾ ചേർത്ത് കൃഷ്ണകുമാർ കൊവിഡ് പ്രതിരോധ സന്ദേശങ്ങൾ എഴുതും. ഇതിനോടകം തന്നെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ അദ്ദേഹം സന്ദേശങ്ങൾ എഴുതി തീർത്തു.
ഫ്ലക്സ് ബോർഡുകളുടെ കടന്നു വരവോടെ ഏക വരുമാനമാർഗമായിരുന്ന ബോർഡെഴുത്തും ചുമരെഴുത്തും നിന്നതോടെയാണ് കൃഷ്ണകുമാർ ലോട്ടറി കച്ചവടത്തിലേക്ക് എത്തിയത്. ലോട്ടറി വിറ്റു കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ നിന്നും നീക്കിവയ്ക്കുന്ന തുക കൊണ്ടാണ് ഈ പോരാട്ടം. ജില്ലക്കകത്തും പുറത്തുമായി കൊവിഡ് പ്രതിരോധ സന്ദേശങ്ങൾ എത്തിക്കണമെന്ന ആഗ്രഹമാണ് കൃഷ്ണകുമാറിനുള്ളത്. പക്ഷേ സാമ്പത്തിക പിന്നാക്കാവസ്ഥ ഇതിനു തിരിച്ചടിയാകുന്നു. എങ്കിലും തനിക്ക് കഴിയും വിധം പ്രതിരോധ സന്ദേശങ്ങൾ ജനങ്ങളിലെത്തിക്കാനുള്ള തീരുമാനത്തിൽ തന്നെയാണ് ഇദ്ദേഹം.