കോട്ടയം : അന്തരിച്ച സാമൂഹ്യ പ്രവർത്തക മേരി റോയിയുടെ സംസ്‌കാരം നാളെ (02.09.2022) നടക്കും. രാവിലെ 11 മണിക്ക് കോട്ടയത്ത് മേരി റോയ് സ്ഥാപിച്ച പള്ളിക്കൂടം സ്‌കൂൾ വളപ്പിലാണ് സംസ്‌കാരം നടക്കുക. മേരി റോയിയുടെ ആഗ്രഹമനുസരിച്ച് മതാചാര ചടങ്ങുകളൊന്നുമില്ലാതെയാണ് മൃതദേഹം സംസ്‌കരിക്കുക.
മൃതശരീരം സ്‌കൂൾ വളപ്പിലെ വീട്ടിൽ പൊതുദർശനത്തിന് വച്ചിരിക്കുകയാണ്. തിരുവഞ്ചൂർ രാധാകൃഷ്‌ണൻ അടക്കമുള്ള നേതാക്കളും സമൂഹത്തിലെ വിവിധ തുറകളിൽപ്പെട്ടവരും മേരി റോയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ചു.
വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന് കോട്ടയം കളത്തിപ്പടിയിലെ വസതിയിൽ ഇന്ന് (01.09.2022) രാവിലെയായിരുന്നു മേരി റോയ്‌യുടെ അന്ത്യം. ക്രിസ്‌ത്യൻ പിന്തുടർച്ചാ നിയമത്തിനെതിരെ നടത്തിയ പോരാട്ടത്തിലൂടെയാണ് മേരി റോയ് ശ്രദ്ധേയയാകുന്നത്. ബുക്കർ പ്രൈസ് ജേതാവും പ്രശസ്‌ത എഴുത്തുകാരിയുമായ അരുന്ധതി റോയിയുടെ അമ്മയാണ്.
ALSO READ: സാമൂഹിക പ്രവർത്തക മേരി റോയ് അന്തരിച്ചു
1933 ൽ കോട്ടയം അയ്‌മനത്താണ് മേരി റോയിയുടെ ജനനം. ഡൽഹി ജീസസ് മേരി കോൺവെന്‍റിലായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. ചെന്നൈ ക്വീൻ മേരീസ് കോളജിൽ നിന്ന് ബിരുദം നേടി. കോട്ടയത്തെ പ്രശസ്‌തമായ പള്ളിക്കൂടം സ്‌കൂളിന്‍റെ സ്ഥാപകയുമാണ്.