കോട്ടയം: കോട്ടയം: ചായ ഉണ്ടാക്കാന്‍ മാത്രമല്ല ചായപ്പൊടി കൊണ്ട് വേറേയും പരിപാടികളുണ്ട്. വേളൂർ പാറപ്പാടം സ്വദേശി ചാന്ദ്നി ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സില്‍ പേര് എഴുതി ചേര്‍ത്തത് ചായപ്പൊടി കൊണ്ട് ചിത്രങ്ങള്‍ വരച്ചാണ്. നാല് മണിക്കൂർ കൊണ്ട് 21 സ്വാതന്ത്ര്യ സമരസേനാനികളുടെ ഛായാചിത്രളാണ് ചാന്ദ്നി ചായപ്പൊടി കൊണ്ട് വരച്ചത്.
വെള്ള പേപ്പറിൽ പെൻസിൽ കൊണ്ട് ആദ്യം സ്കെച്ചിടും. അതിനു ശേഷം പശകൊണ്ട് വരകൾക്ക് മീതെ വരച്ച് ഇതിലേക്ക് ചായപ്പൊടി വിതറും. ഉണങ്ങി കഴിയുമ്പോള്‍ പേപ്പറിലെ പശയില്ലാത്ത ഭാഗത്തെ ചായപ്പൊടി മാറ്റുമ്പോള്‍ ചിത്രം തെളിയും. ഗാന്ധി, ബാലഗംഗാധര തിലകൻ, ഭഗത് സിങ്, മംഗൾ പാണ്ഡേ തുടങ്ങിയവരുടെ ചിത്രങ്ങളാണ് ചാന്ദ്നി വരച്ചത്.
ചിത്രങ്ങൾ വരയ്ക്കുന്നതിന്‍റെ വീഡിയോ അധികൃതർക്ക് അയച്ചു കൊടുത്താണ് റെക്കോഡിന് അപേക്ഷിച്ചത്. നവംബറില്‍ റെക്കോഡ് നേടിയതായി അധികൃതര്‍ ചാന്ദ്നിയെ അറിയിച്ചു. കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥിയാണ് ചാന്ദ്നി.
കുട്ടിക്കാലം മുതലേ ചിത്രരചനയില്‍ താല്‍പ്പര്യമുണ്ടെങ്കിലും ചാന്ദ്‌നി ചിത്രകല ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ല. വാട്ടർ കളർ, ഓയിൽ പെയിന്‍റ്, ഗ്ലാസ് പെയിന്‍റ് തുടങ്ങിയവയിലും ചാന്ദ്നി ചിത്രങ്ങള്‍ വരയ്‌ക്കാറുണ്ട്. ഇനി ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്‌സ് നേടുകയാണ് ചാന്ദ്നിയുടെ അടുത്ത ലക്ഷ്യം.
Also read: കുമരകത്ത് പൊലീസുകാരന്‍റെ വീട് അടിച്ചുതകര്‍ത്തു ; പിന്നില്‍ 'മിന്നൽ മുരളി'