കോട്ടയം: വൈക്കത്ത് തെരുവുനായ താറാവിൻ കൂട്ടിന് ചുറ്റും വട്ടമിട്ടതിനെ തുടർന്ന് ഭയന്നോടിയ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങി. 700ഓളം താറാവുകളാണ് ചത്തത്. താറാവ് കൃഷിയിൽ നിന്ന് ആദായം കണ്ടെത്തിയിരുന്ന കനകന്‍റെ താറാവുകളാണ് കൂട്ടത്തോടെ ചത്തത്.
പതിറ്റാണ്ടുകളായി താറാവുവളർത്തി ഉപജീവനം നടത്തി വരുന്ന കനകന് 1364 താറാവുകളാണുള്ളത്. ഇതിൽ ചത്ത 700ൽ 400ഉം മുട്ട താറാവുകളാണ്. താറാവുകൾ മുട്ടയിട്ട് തുടങ്ങിയതോടെ 3500 രൂപയുടെ മുട്ടകൾ പ്രതിദിനം കച്ചവടം നടക്കുമായിരുന്നു. നാല് മാസം കൂടി മുട്ട ലഭിക്കുമെന്നിരിക്കെ താറാവുകൾ ചത്തത് കർഷക കുടുംബത്തിന് തിരിച്ചടിയായിരിക്കുകയാണ്.
താറാവുകൾക്ക് തീറ്റയ്ക്കായി 62000 രൂപയ്ക്ക് വാങ്ങിയ ചെറു മത്സ്യം, 40000 രൂപയുടെ അരി, ചെറിയകക്ക എന്നിവ ഇവർ സംഭരിച്ചിട്ടുണ്ടായിരുന്നു. വരുമാനം നഷ്ടമായ സാഹചര്യത്തിൽ മുട്ട ലഭിക്കാത്ത താറാവുകൾക്ക് തീറ്റ നൽകി പരിരക്ഷിക്കേണ്ട സ്ഥിതിയാണ് കുടുംബത്തിനുള്ളത്. ഉദയനാപുരം വെറ്ററിനറി സർജൻ ഡോ. ശരത് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
ALSO READ: എന്താണ് ലസ്സ പനി ? ; അറിയേണ്ടതെല്ലാം