കോട്ടയം: 19കാരനെ കൊന്നതിനു ശേഷം പൊലീസ് സ്റ്റേഷനു മുന്നിൽ തള്ളിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. കൊലപാതകവുമായി നേരിട്ട് ബന്ധമുള്ള നാല് പേരെ കൂടി പൊലീസ് പിടികൂടി.
ഓട്ടോ ഡ്രൈവർ ബിനു, കിരൺ, ലുധീഷ്, സതീഷ് എന്നിവരാണ് ഏറ്റവും ഒടുവിൽ പിടിയിലായത്. താൻ ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്നായിരുന്നു കേസിലെ പ്രധാന പ്രതിയായ ജോമോൻ മൊഴി നല്‍കിയത്.
പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിനു പിന്നിൽ കൂടുതൽ ആളുകളുണ്ടെന്ന് കണ്ടെത്തിയത്. കൊല്ലപ്പെട്ട ഷാന്‍ ബാബുവിനെ തട്ടിക്കൊണ്ടു പോയ ഓട്ടോയും പൊലീസ് കണ്ടെടുത്തു. അയർക്കുന്നത് വെച്ചാണ് ഓട്ടോ കണ്ടെത്തിയത്.
മാങ്ങാനത്ത് വെച്ചാണ് ഷാനിനെ ഇവർ ക്രൂരമായി മർദിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം. നിലവിൽ 19 ആളുകളാണ് പൊലീസ് കസ്റ്റഡിയിൽ ഉള്ളത്. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
ഷാൻ ബാബുവിന് ക്രൂര മർദനം നേരിട്ടെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഷാന്‍റെ ദേഹത്ത് മർദനത്തിന്‍റെ 38 അടയാളങ്ങളുണ്ട്. ആക്രമിച്ചത് കാപ്പിവടി കൊണ്ടാണെന്നും മൂന്നു മണിക്കുറോളം മർദിച്ചുവെന്നും ഒന്നാം പ്രതി ജോമോന്‍ മൊഴി നല്‍കിയിരുന്നു.
അതേസമയം പ്രതി ജോമോനുമായി പൊലീസ് തെളിവെടുപ്പ് നടത്തി. മാങ്ങാനത്തെ ആളൊഴിഞ്ഞ സ്ഥലത്തായിരുന്നു തെളിവെടുപ്പ്. ഇവിടെ നിന്നും ഷാനിന്‍റെ എന്ന് സംശയിക്കുന്ന വസ്ത്രങ്ങൾ കണ്ടെടുത്തു.
also read: ജാമ്യത്തിലിറക്കിയതിന് മകന്‍റെ ക്രൂരമർദനം ; വീട് വിട്ടിറങ്ങിയ വൃദ്ധദമ്പതികളെ ഏറ്റെടുത്ത് ശാന്തിതീരം
ഷാനിന്‍റെ സുഹൃത്ത് സൂര്യൻ എന്ന് വിളിക്കുന്ന ശരത് പി രാജും സംഘവും ചേര്‍ന്ന് സമീപകാലത്ത് ജോമോന്‍റെ സുഹൃത്തും, കേസിലെ രണ്ടാം പ്രതിയുമായ ആളെ, തൃശൂര്‍ ജില്ലയില്‍ വച്ച് നഗ്നനാക്കി ദേഹോപദ്രവം ഏല്‍പ്പിച്ചിരുന്നു. ഇതിന്‍റെ ദൃശ്യങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്‌തു. പ്രസ്‌തുത ദൃശ്യം ഷാന്‍ ബാബു ഇന്‍സ്റ്റാഗ്രാമില്‍ ലൈക് ചെയ്തിരുന്നു.
കാപ്പ ഉത്തരവില്‍ ഇളവ് ലഭിച്ച് ജില്ലയില്‍ എത്തിയ ജോമോനും കൂട്ടാളികളും ചേര്‍ന്ന് പ്രതികാരം ചെയ്യുന്നതിനായി സൂര്യനെ തിരഞ്ഞ് നടക്കുന്ന സമയം, സുഹൃത്തായ ഷാന്‍ ബാബുവിനെ കീഴുക്കുന്ന് ഭാഗത്ത് വച്ച് കൊലപ്പെടുത്തിയെന്നുമാണ് പൊലീസ് പറയുന്നത്. കൊലപാതകകത്തിന്‍റെ പശ്ചാത്തത്തിൽ നഗരത്തിലെ ഗുണ്ടകളെ കണ്ടെത്താനുള്ള പൊലീസ് നടപടി ഊർജിതമാക്കി.