കോട്ടയം: ഭാഗ്യക്കുറി നറുക്കെടുപ്പിൽ വലിയ സമ്മാനം കിട്ടുന്നവർ പിന്നീട് നികുതി അടയ്ക്കേണ്ടി വരുന്നത് ബാധ്യതയാകുന്നുവെന്ന് പരാതി. കേരള ലോട്ടറിയുടെ ഒരു കോടി രൂപ സമ്മാനം കിട്ടിയ പാലാ സ്വദേശിനി അന്നമ്മ ഷൈജുവാണ് പരാതിക്കാരി. 2021 ജൂലൈയിൽ ഭാഗ്യമിത്ര ലോട്ടറി നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ ഒരു കോടി രൂപയാണ് അന്നമ്മയ്ക്ക് അടിച്ചത്.
ഒരു കോടി രൂപയിൽ 12 ശതമാനമായ 12 ലക്ഷം ഏജൻസിയുടെ കമ്മിഷനാണ്. ബാക്കി വരുന്ന 88 ലക്ഷം രൂപയുടെ 30 ശതമാനമായ ഇരുപത്തിയാറു ലക്ഷത്തി നാൽപതിനായിരം രൂപ ആദായ നികുതിയായി പിടിച്ച ശേഷമുള്ള തുകയാണ് സമ്മാനമായി കിട്ടിയത്. ഇത് പൊതുവെയുള്ള കാര്യവുമാണ്.
എന്നാൽ 50 ലക്ഷത്തിൽ കൂടുതൽ സമ്മാനം ലഭിച്ചതിനാൽ ടാക്‌സിന്‍റെ 10% സർ ചാർജും ടാക്‌സിന്‍റെയും സർ ചാർജിന്‍റെയും നാലു ശതമാനം സെസുo ചേർത്ത് 3,84,160 രൂപയാണ് ഇപ്പോൾ തിരിച്ചടക്കേണ്ടതായി വന്നിരിക്കുന്നത്. കൃത്യസമയത്ത് അടയ്ക്കാത്തതിനാൽ പലിശയും മറ്റും ചേർത്ത് 410760 രൂപ ജൂലൈ 31 നകം അടയ്ക്കണമെന്നാണ് ചാർട്ടേഡ് അക്കൗണ്ടന്‍റ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. പണം സമയത്ത് അടച്ചില്ലെങ്കിൽ തുക മാസം തോറും ഉയരും.
അതേസമയം ലോട്ടറി വകുപ്പ് ഇക്കാര്യം നേരത്തെ അറിയിച്ചിരുന്നില്ലെന്ന് അന്നമ്മ പറയുന്നു. സമ്മാനത്തുക മുഴുവനും ചെലവഴിച്ച ശേഷമാകും അധിക നികുതിയെ കുറിച്ച് അവർ അറിയുക. അപ്പോൾ അതൊരു ബാധ്യതയായി മാറിക്കഴിയും. എന്നാൽബാധ്യത അടച്ച് തീർക്കുമെന്നും ഭാവിയിൽ സമ്മാന ജേതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്നും കരുതിയാണ് പരാതി ഉന്നയിച്ചതെന്നും അന്നമ്മ വ്യക്‌തമാക്കി.
അതേസമയം ലോട്ടറി ടിക്കറ്റിനു പിന്നിൽ അച്ചടിച്ചിരിക്കുന്ന നിബന്ധനകൾ മലയാളത്തിലാക്കണമെന്നും കൗണ്ടർ ഫോയിൽ രേഖപ്പെടുത്തണമെന്നും മഹാത്മ ഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി.ജെ.ജോസ് പറഞ്ഞു. ഈ കാര്യത്തിൽ ലോട്ടറി വകുപ്പിന് പരാതി നൽകുമെന്നും അദ്ദേഹം വ്യക്‌തമാക്കി.