കോട്ടയം: മിമിക്രി കലാകാരനെ കൊലപ്പെടുത്തിയ കേസില്‍ നാല് പ്രതികള്‍ക്ക് ജീവപര്യന്തം. ചങ്ങനാശേരി ഏനാച്ചിറ സ്വദേശി ലെനീഷിനെ കൊലപ്പെടുത്തിയ കേസിലാണ് വിധി. കോട്ടയം അഡീഷണൽ സെഷൻസ് ജഡ്‌ജി വി.ബി സുജയമ്മയാണ് വിധി പ്രസ്‌താവിച്ചത്.
ലെനീഷിന്‍റെ പെണ്‍ സുഹൃത്ത് തൃക്കൊടിത്താനം കടമാൻചിറ സ്വദേശി ശ്രീകല (44), ക്വട്ടേഷൻ സംഘാംഗങ്ങളായ മാമ്മൂട് കണിച്ചുകുളം സ്വദേശി ഷിജോ സെബാസ്റ്റ്യൻ (28), ദൈവംപടി സ്വദേശി ശ്യാംകുമാർ (31), രമേശൻ (28) എന്നിവരാണ് കേസിലെ പ്രതികൾ. ഗൂഡാലോചന, തെളിവ് നശിപ്പിക്കൽ, സംഘം ചേരൽ, കൊലപാതകം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ലെനീഷിന് മറ്റു സ്ത്രീകളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
2013 നവംബർ 23ന് രാവിലെ 11നാണ് കേസിനാസ്‌പദമായ സംഭവം. കോട്ടയം എസ്എച്ച് മൗണ്ടിന് സമീപം ശ്രീകല നടത്തുന്ന നവീൻ ഹോം നഴ്‌സിങ് സ്ഥാപനത്തില്‍ വച്ച് ലെനീഷിനെ കൊലപ്പെടുത്തുകയായിരുന്നു. ക്വട്ടേഷൻ സംഘത്തിന്‍റെ മർദനമേറ്റ് ലെനിഷ് കൊല്ലപ്പെടുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം ചാക്കിനുള്ളിലാക്കി പാമ്പാടിയിൽ റോഡരികിലെ റബര്‍ തോട്ടത്തില്‍ തള്ളുകയായിരുന്നു.
Read more: മിമിക്രി കലാകാരന്‍റെ കൊലപാതകം; പ്രതികളെല്ലാം കുറ്റക്കാരെന്ന് കോടതി