കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ കരൾമാറ്റ ശസ്ത്രക്രിയ അധികം വൈകാതെ തുടങ്ങാനാവുമെന്നാണ് പ്രതീക്ഷയെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. കെ പി ജയകുമാർ. കേരളത്തിലെ ഒരു മെഡിക്കൽ കോളജുകളിലും നിലവിൽ കരൾ മാറ്റിവെയ്‌ക്കൽ ശസ്ത്രക്രിയ നടത്തുന്നില്ലെന്നും പദ്ധതി യാദാർഥ്യമാകുന്നതിലൂടെ ഒട്ടേറെ ജനങ്ങൾക്ക് സഹായകരമാകുമെന്നും കെ പി ജയകുമാർ അറിയിച്ചു.
ഹൃദയം, വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ കോട്ടയം മെഡിക്കൽ കോളജിൽ ഏറെ നാളുകളായി നടന്നുവന്നിരുന്നുവെങ്കിലും കരൾമാറ്റ ശസ്ത്രക്രിയ രംഗത്തേക്ക് ഇതുവരെ ചുവടുവച്ചിരുന്നില്ല. വരുന്ന രണ്ടര മാസത്തിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കി കരൾമാറ്റ ശസ്ത്രക്രിയ രംഗത്തേക്കും ചുവടുവയ്ക്കാനാവുമെന്ന പ്രതീക്ഷയാണുള്ളതെന്നും ഡോ. കെ പി ജയകുമാർ വ്യക്തമാക്കി.
കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് പൂർണ സജ്ജം
ഇതിനായി തീയറ്റർ സജ്ജീകരിച്ച് പുതിയ ഉപകരണങ്ങളടക്കം സ്ഥാപിച്ചുകഴിഞ്ഞു. പുതിയ ഡോക്‌ടർമാരുടെ സംഘവും ഒരുങ്ങി. ഇൻസ്പെക്ഷൻ പൂർത്തിയാക്കിയതിനെതുർന്ന് ഇതിന്‍റെ റിപ്പോർട്ട് കൂടി ലഭിക്കുന്ന മുറയ്ക്ക് ശസ്ത്രക്രിയ ആരംഭിക്കും. കൂടുതൽ ശസ്ത്രക്രിയകൾ നടക്കുന്ന സാഹചര്യത്തിൽ നിലവിൽ കിഡ്‌നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി സജ്ജമാക്കിയ തീയറ്റർ കൂടി ഉപയോഗിക്കാനുള്ള വാദ്ഗാനവും നൽകി കഴിഞ്ഞെന്നും അദ്ദേഹം അറിയിച്ചു.
നിലവിൽ മൂന്നോ നാലോ പേരാണ് അവയവമാറ്റത്തിന് അപേക്ഷ നൽകി കാത്തിരിക്കുന്നത്. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കുന്ന സാഹചര്യത്തിൽ ഇനിയും ഏറെ രോഗികൾ എത്തുമെന്നാണ് പ്രതീക്ഷ. മികച്ച ശസ്ത്രക്രിയ വിഭാവും, ഏതു വെല്ലുവിളികളെയും അതിജീവിക്കാൻ പര്യാപ്തരായ ഡോക്ടർമാർ അടങ്ങുന്ന സംഘവും കോട്ടയം മെഡിക്കൽ കോളജിനെ ഭാവിയിൽ ഏത് അവയവവും മാറ്റിവയ്ക്കാൻ പര്യാപ്തമായ തലത്തിലേക്ക് എത്തിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശസ്‌ത്രക്രിയ കുറഞ്ഞ ചിലവിൽ
കോട്ടയത്ത് നിലവിൽ 35 മുതൽ 40 ലക്ഷം വരെയാണ് സ്വകാര്യ ആശുപത്രികളിൽ കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് ഈടാക്കുന്നത്. മെഡിക്കൽ കോളജിൽ പുതിയ സംവിധാനം എത്തുന്നതോടെ വളരെ ചെറിയ തുകയ്ക്ക് രോഗികൾക്ക് ശസ്ത്രക്രിയ നടത്താനാവുമെന്ന പ്രതീക്ഷയാണ് ഉള്ളത്. ഫീസുകൾ ഒഴിവാക്കി വലിയ തുക വേണ്ടിവരുന്ന മരുന്നുകൾ സംസ്ഥാന സർക്കാരിന്‍റെ പദ്ധതി വഴി ലഭിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നതായും ഡോ. കെ പി ജയകുമാർ ചൂണ്ടിക്കാട്ടി.