കോട്ടയം: വിദേശത്ത് ജോലി വാഗ്‌ദാനം ചെയ്‌ത് യുവതിയില്‍ നിന്ന് ഒരു ലക്ഷം രൂപ തട്ടിയെടുത്ത ഓൺലൈൻ ഏജൻസിയിൽ നിന്നും പണം തിരികെ വാങ്ങി നല്‍കി കോട്ടയം സൈബർ പൊലീസ്. കോട്ടയം മാഞ്ഞൂര്‍ സ്വദേശിനിക്കാണ് പണവും ഏജന്‍സി കൈവശം വച്ച പാസ്‌പോർട്ട് രേഖകളും തിരികെ ലഭിച്ചത്. നഴ്‌സിങ് കെയർടേക്കർ ജോലിക്കായി ഓണ്‍ലൈന്‍ പരസ്യം കണ്ടാണ് യുവതി ഏജന്‍സിയെ സമീപിക്കുന്നത്.
2020 ഡിസംബറിൽ രണ്ട് തവണകളായി ഒരു ലക്ഷം രൂപ ഏജന്‍സിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് യുവതി അയച്ചു. ഒരു വര്‍ഷം കഴിഞ്ഞിട്ടും ജോലി ലഭിക്കാതായതോടെയാണ് തട്ടിപ്പാണെന്ന് മനസിലായത്. തുടര്‍ന്ന് 2022 ജനുവരിയില്‍ യുവതി സൈബർ പൊലീസിന് പരാതി നല്‍കി. സൈബര്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഈ പണം മറ്റൊരു അക്കൗണ്ടിലേക്ക് ഏജന്‍സി മാറ്റിയെന്ന് മനസിലായി. തുടർന്ന് യുവതിയുടെ അക്കൗണ്ടിലേക്ക് പണം തിരികെ മാറ്റുകയായിരുന്നു.
സമാനരീതിയിലുള്ള ഒട്ടനവധി പരാതികൾ കോട്ടയം സൈബർ പൊലീസിന്‍റെ സജീവ അന്വേഷണത്തിലാണെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ ഐപിഎസ് അറിയിച്ചു.
Also read: പാഴ്‌സലുകളില്‍ എത്തിയ എല്‍എസ്‌ഡി സ്റ്റാമ്പുകള്‍ എക്‌സൈസ് പിടികൂടി