കോട്ടയം: പാലക്കാട് രോഗം സ്ഥിരീകരിച്ച ലോറി ഡ്രൈവറുടെ കോട്ടയത്തെത്തിയ സഹായിക്ക് വൈറസ് ബാധയില്ലന്ന് സ്ഥിരീകരിച്ചതോടെ, കോട്ടയത്തെ ചുമട്ട് തൊഴിലാളിക്ക് എവിടെ നിന്നാണ് വൈറസ് ബാധയുണ്ടായതെന്ന ആശങ്കയിൽ ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും. കഴിഞ്ഞ തിങ്കളാഴ്ച തമിഴ്നാട്ടിൽ നിന്നും തണ്ണിമത്തനുമായി കോട്ടയം മാർക്കറ്റിലെത്തി മടങ്ങിയ ലോറി ഡ്രൈവറെ പാലക്കാട് നിരീക്ഷണത്തിലാക്കിയിരുന്നു. ഇയാൾക്കൊപ്പം സഞ്ചരിച്ചിരുന്ന മറ്റൊരാൾക്ക് പാലാക്കാട് രോഗം സ്ഥിരികരിക്കുകയും ചെയ്തിരുന്നു. എന്നാൽ കോട്ടയത്തെത്തി മടങ്ങിയയാളുടെ സ്രവ സാമ്പിൾ പരിശോധനാഫലം നെഗറ്റിവാണെന്നാണ് പാലക്കാട് നിന്നും കോട്ടയം ജില്ലാ ഭരണകൂടത്തിന് ലഭിച്ച വിവരം. ഇതോടെ ചുമട്ടുതൊഴിലാളിക്ക് രോഗം വന്ന മറ്റു വഴികൾ അന്വേഷിക്കുകയാണ് ജില്ലാ ഭരണകൂടം.
പാലാക്കാട് സ്വദേശിയുമായി പ്രാഥമിക സമ്പർക്കത്തിൽ ഏർപ്പെട്ടന്ന സംശയത്തെ തുടർന്നാണ് ചുമട്ടുതൊഴിലാളിയുടെ സ്രവം പരിശോധനക്കയച്ചിരുന്നത്. രോഗം വന്ന വഴി പാലക്കാടു നിന്നല്ലെന്ന് സ്ഥിരീകരിച്ചതോടെ ചുമട്ടുതൊഴിലാളിയുമായി സമ്പർത്തിൽപെട്ട 88 പേരുടെ പട്ടിക ജില്ലാ ഭരണകൂടം തയാറാക്കിയിട്ടുണ്ട്. 24 പേരെ പ്രാഥമിക സമ്പർക്കത്തിലുൾപ്പെടുത്തിയും 64 പേരെ സെക്കൻഡറി കോണ്‍ടാക്ടിലുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ സൗകര്യമില്ലാത്ത 25 തൊഴിലാളികളെ കൊവിഡ് ഐസൊലേഷൻ സെന്‍ററിലേക്കും മാറ്റി. കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരത്ത് നിന്നെത്തിയ ആരോഗ്യ പ്രവർത്തകന്‍റെ സഞ്ചാരപഥം ജില്ലാ ഭരണകൂടം പുറത്ത് വിട്ടിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ എട്ട് പേരാണ് ഇയാളുടെ സമ്പർക്ക പട്ടികയിലുള്ളത്. ഇവരുടെ സ്രവ സാമ്പിളുകളും പരിശോധനക്കയച്ചിട്ടുണ്ട്.