കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിന് തിരിച്ചടി. തുടർച്ചയായി കോടതിയിൽ ഹാജരാകാതിരുന്നതോടെ ജാമ്യം റദ്ദ് ചെയ്ത് കോടതി അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചു. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. ബിഷപ്പിന്‍റെ ജാമ്യക്കാർക്കെതിരെയും കോടതി കേസെടുത്തു.
കൊവിഡ് രോഗിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടതിനാലാണ് ഹാജരാകാതിരുന്നതെന്ന് ഫ്രാങ്കോ മുളയ്ക്കൽ കോടതിയെ അറിയിച്ചു. എന്നാൽ ഫ്രാങ്കോയുടെ വാദം തെറ്റാണെന്ന് തെളിഞ്ഞതോടെ ജാമ്യം റദ്ദ് ചെയ്ത് അറസ്റ്റ് ചെയ്യാൻ ഉത്തരവിടുകയായിരുന്നു. കേസ് പരിഗണിക്കുന്ന ആഗസ്റ്റ് 13ന് മുമ്പ് ബിഷപ്പിനെ അറസ്റ്റ് ചെയ്തിട്ടില്ലങ്കിൽ കോടതിയില്‍ പൊലീസ് വിശദീകരണം നൽകണം. എന്നാൽ കീഴ്‌ക്കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് ബിഷപ്പിന്‍റെ നീക്കം. കേസില്‍ ഫ്രാങ്കോ മുളയ്‌ക്കൽ വിചാരണ നേരിടണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.