കോട്ടയം: കേരള കോണ്‍ഗ്രസില്‍ പി.ജെ. ജോസഫ് - ജോസ് കെ. മാണി തര്‍ക്കം തുടരുന്നു. ഡിസംബര്‍ പതിനാലിന് പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി യോഗം ചേരുമെന്ന് പി.ജെ. ജോസഫ് പ്രഖ്യപിച്ചതോടെ, അന്നു തന്നെ സമാന്തര സംസ്ഥാന കമ്മിറ്റി യോഗം ചേരാന്‍ ജോസ് കെ. മാണി വിഭാഗവും തീരുമാനിച്ചു. ഫലത്തില്‍ ഒരേ ദിവസം ഒരു പാര്‍ട്ടിയുടെ രണ്ട് സംസ്ഥാന കമ്മിറ്റി യോഗമാണ് നടക്കാന്‍ പോകുന്നത്. സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ക്കുന്നുണ്ടെന്ന് പി.ജെ. ജോസഫ് ജോസ് കെ. മാണിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജോസ് കെ. മാണിയുടെ പ്രഖ്യാപനം. തൊടുപുഴയിലാണ് ജോസഫ് വിഭാഗം സംസ്ഥാന കമ്മിറ്റി ചേരുന്നത്. ജോസ് വിഭാഗം കോട്ടയത്തും യോഗം ചേരും.
വ്യാജ ലിസ്റ്റുണ്ടാക്കിയാണ് ജോസഫ് വിഭാഗം സംസ്ഥാന കമ്മിറ്റി ചേരുന്നതെന്നാണ് ജോസ് കെ. മാണി വിഭാഗത്തിന്‍റെ ആരോപണം. കട്ടപ്പന കോടതി വിധിയെ ഭയന്ന് അടിയന്തരമായി സംസ്ഥാന കമ്മറ്റി വിളിച്ച് ചേർക്കുന്ന പി.ജെ ജോസഫ്, മുൻ നിലപാടുകൾ വിഴുങ്ങിയതായും ജോസ് കെ. മാണി ആരോപിക്കുന്നു. 2018 ൽ കെ.എം മാണിയെ ചെയർമാനായി തെരഞ്ഞെടുത്ത സംസ്ഥാന കമ്മിറ്റിയുടെ ഹാജർ ബുക്ക് കൈവശമുണ്ടെന്ന് അവകാശപ്പെടുന്ന ജോയി എബ്രഹാം ഇതു വരെ അത് ഹാജരാക്കിയിട്ടില്ലെന്നും ജോസ് കെ. മാണി പറഞ്ഞു. ഔദ്യോഗിക പക്ഷം ഏതാണെന്ന വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിധി വരാനിരിക്കെ ഇരുവിഭാഗങ്ങളുടെയും ശക്തിപ്രകടനമാകും പതിനാലാം തിയതിയിലെ സംസ്ഥാന കമ്മറ്റിയിലൂടെ നടക്കുക.