കോട്ടയം : മലയാളികൾക്ക് സാധാരണ ഓണത്തിന് പൂക്കളമൊരുക്കണമെങ്കിൽ തമിഴ്‌നാട്ടിൽ നിന്ന് പൂവെത്തണം. എന്നാൽ സംസ്ഥാനത്ത് ജമന്തിയും ബന്ദിയുമെല്ലാം വിളയിച്ച് വിപണിയിലെത്തിച്ച് വ്യത്യസ്തനാവുകയാണ് കര്‍ണാടക കോളാര്‍ സ്വദേശി വേണുഗോപാല്‍.
10 വര്‍ഷമായി ഇദ്ദേഹം വേങ്ങത്താനത്ത് കൃഷിചെയ്യുന്നു. കേരളത്തില്‍ പൂവിന് നല്ല വിപണിയുണ്ടെന്ന് തിരിച്ചറിഞ്ഞ് കാര്‍ഷിക വിളകള്‍ക്കൊപ്പം പൂകൃഷി ആരംഭിക്കുകയായിരുന്നു. ഇടവിളയായി ആരംഭിച്ച പൂകൃഷി ഇന്ന് 50 സെന്‍റില്‍ എത്തിനില്‍ക്കുന്നു.
ആയിരം ചുവട് ജമന്തിയും, ബന്ദിയുമാണ് വേണുഗോപാല്‍ ഇത്തവണ കൃഷി ചെയ്‌തത്. ഈ വര്‍ഷം ഇതുവരെ രണ്ടുതവണ വിളവെടുപ്പും നടത്തി. 150 രൂപമുതല്‍ 200 രൂപവരെ വിലയ്ക്കാണ് പൂവ് വില്‍ക്കുന്നത്.
ക്ഷേത്രങ്ങളിലെ പൂജാ ആവശ്യങ്ങള്‍ക്കും പൂക്കള്‍ നല്‍കാറുണ്ട്. ഇതോടൊപ്പം ജമന്തിയുടെയും ബന്ദിയുടെയും തൈകള്‍ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നുമുണ്ട്.
അത്തപ്പൂക്കളം ഒരുക്കാന്‍ മുൻകൂട്ടി ഓർഡറുകൾ ലഭിക്കുന്നതിനാൽ ഇദ്ദേഹത്തിന് കടവച്ച് വില്‍ക്കേണ്ട സാഹചര്യമില്ല. പച്ചക്കറി കൃഷിയും പശു, ആട് എന്നിവയെ വളര്‍ത്തലും ഇദ്ദേഹം ചെയ്തുവരുന്നു.
ALSO READ: കൊവിഡിൽ മുങ്ങി ഓണക്കാലം; ചമയങ്ങൾക്കും മാവേലി വേഷങ്ങൾക്കും ആവശ്യക്കാരില്ല
കാര്‍ഷിക മുന്നേറ്റത്തിന് സംസ്ഥാന സര്‍ക്കാരിന്‍റെ മികച്ച യുവകര്‍ഷകനുള്ള മൂന്നാംസ്ഥാനം ഇദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. ജോലിയില്‍ വേണുഗോപാലിനെ സഹായിക്കാന്‍ ഭാര്യ അനുമോളും മക്കളായ നിഖിലും നിഖാലും ഒപ്പമുണ്ട്.
ലോക്ക്‌ഡൗണ്‍ കാലത്ത് പച്ചക്കറി വില്‍പ്പന നഷ്ടത്തിലായി. പ്രതിസന്ധി മറികടക്കാന്‍ വീടിനോട് ചേര്‍ന്ന് കാര്‍ഷിക വിളകളുടെ വിപണനം നടത്തിവരുന്നുണ്ട് വേണുഗോപാല്‍. ജൈവവളങ്ങള്‍ മാത്രം ഉപയോഗിച്ച് കൃഷിചെയ്യുന്നതിനാല്‍ ഇദ്ദേഹത്തിന്‍റെ ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാരും ഏറെയാണ്.