കോട്ടയം : നാട്ടിലെ സൗഹാർദ അന്തരീക്ഷം തകർക്കുന്ന പ്രശ്‌നങ്ങൾക്ക് തീർപ്പുണ്ടാക്കണമെന്ന പ്രതിപക്ഷാവശ്യം സർക്കാർ അവഗണിച്ചെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കേരള മുസ്ലിം യൂത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്‍റും ഇമാമുമായ ഷംസുദ്ദീൻ മന്നാനിയുമായി നടത്തിയ കൂടിക്കാഴ്‌ചക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കലുഷമായ അന്തരീക്ഷം ഉണ്ടായപ്പോൾ വിഷയം ചർച്ച ചെയ്ത് പരിഹരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രണ്ടുവട്ടം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടും അതുണ്ടായില്ല. ഈ സാഹചര്യത്തിലാണ് മത നേതാക്കളെ നേരിൽ കാണാനെത്തിയത്.
ALSO READ: സമാധാനാന്തരീക്ഷം തകരാതിരിക്കാന്‍ സമൂഹം ജാഗ്രത പാലിക്കണമെന്ന് സിഎസ്‌ഐ
മതേതരത്വം സംരക്ഷിക്കുകയെന്ന കോൺഗ്രസിന്‍റെ ഉത്തരവാദിത്വം നിറവേറ്റുമെന്നും വിവിധ മത മേലധ്യക്ഷൻമാരെ നേരിൽ കണ്ട് ഇക്കാര്യം ചർച്ച ചെയ്‌തുവെന്നും കെ സുധാകരൻ അറിയിച്ചു.
അതേസമയം കെപിസിസി അധ്യക്ഷന്‍റെ ദൗത്യത്തോട് പൂര്‍ണമായും സഹകരിക്കുമെന്ന് ഇമാം ഷംസുദ്ദീൻ മന്നാനി അറിയിച്ചു. സൗഹാർദ അന്തരീക്ഷം നിലനിർത്താൻ എല്ലാ പിന്തുണയും നൽകുമെന്നും ഇമാം അറിയിച്ചു.